ഉത്തരേന്ത്യയില്‍ മൂന്നുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന പെരുംമഴയില്‍ മരണം 34 ആയി...

ഉത്തരേന്ത്യയില്‍ മൂന്നുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന പെരുംമഴയില്‍ മരണം 34 ആയി. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു.
ഹിമാചലില്‍ മണ്ണിടിച്ചിലും മിന്നല്‍പ്രളയവും ആവര്‍ത്തിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. മണാലി, കുളു, ചംബാ, കിന്നൗര്‍ എന്നിവിടങ്ങളില്‍ നിരവധി പേര്‍ ഒറ്റപ്പെട്ടു. രവി, ബിയാസ്, സത്ലജ്, സ്വാന്‍, ചെനാബ് തുടങ്ങി പ്രധാനനദികളിലെല്ലാം ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു. ജനങ്ങള്‍ വീടുകളില്‍ തുടരണമെന്ന് മുഖ്യമന്ത്രി.
ഹിമാചലില്‍ മാത്രം ഇതുവരെ ഇരുപതിലേറെ പേര്‍ മരിച്ചു. റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ വിനോദസഞ്ചാരികളടക്കം പലയിടത്തും കുടുങ്ങി. എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്ന് പോയ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 45 ഡോക്ടര്‍മാരുടെ സംഘം മണാലിയില്‍ കുടുങ്ങി. ഇവര്‍ സുരക്ഷിതരാണ്.
ദേശീയപാതകള്‍ ഉള്‍പ്പെടെ ഏകദേശം 1300 റോഡുകള്‍ തകര്‍ന്നു. ഉത്തരാഖണ്ഡിലും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നു. പലയിടത്തും മണ്ണിടിച്ചിലും മിന്നല്‍പ്രളയവും ഉണ്ടായി.
യമുനയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും എന്നാല്‍, പ്രളയസാഹചര്യമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ഹരിയാനയിലെ ഹാഥ്നിക്കുണ്ട് അണക്കെട്ടില്‍നിന്ന് 1000 ക്യുസെക്സ് ജലം യമുനയിലേക്ക് തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. നാലു സംസ്ഥാനത്തായി ദുരന്തനിവാരണസേനയുടെ 39 സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രം.
https://www.facebook.com/Malayalivartha



























