യമുന നദിയിൽ ജലനിരപ്പ് ചെറുതായി കുറഞ്ഞു; ദില്ലി ലഫ്റ്റനന്റ് ഗവർണറെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി

ദില്ലി കനത്ത ജാഗ്രതയിൽ പ്രളയ സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോൾ ഉള്ളത്. യമുന നദിയിൽ ജലനിരപ്പ് ചെറുതായി രാത്രിയിൽ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല എന്ന സ്ഥിതിയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ദില്ലി ലഫ്റ്റനന്റ് ഗവർണറെ ഫോണിൽ വിളിച്ച് സംസാരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം സംസാരിക്കുകയുണ്ടായി. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാന മന്ത്രി മോദി അറിയിച്ചു.ദില്ലിയിൽ നാളെ ഓറഞ്ച് അലർട്ടാണ് . ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിയ അവസ്ഥയിലാണ് . ആൾക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ് .
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ അവധി പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചു.
ഇന്ന് മുതൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദില്ലി സർക്കാർ നൽകിയിരിക്കുന്ന നിർണായകമായ നിർദ്ദേശം , ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നുമാണ് . വര്‍ഷങ്ങൾക്ക് ശേഷമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇത്തരത്തിൽ ഉള്ള അവസ്ഥയിലൂടെ പോകുന്നത്.
ദില്ലിയേയും ആറ് സംസ്ഥാനങ്ങളെയും വെള്ളത്തിലാക്കിയിരിക്കുകയാണ് പേമാരി. വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഇടിമിന്നലിലും 150 പേർക്ക് ജീവൻ നഷ്ടമായി.ഹിമാചല്‍ പ്രദേശില്‍ മാത്രംആറായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഗംഗ, അളകനന്ദ തുടങ്ങിയ നദികളിലെ വെള്ളപ്പൊക്കം ഉത്തരാഖണ്ഡിൽ വെല്ലുവിളിയുണ്ടാക്കുകയാണ്.
ഉത്തരാഖണ്ഡിലും ദില്ലിയിലും വെള്ളപ്പൊക്കം ഉണ്ടായി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള മേഖലകള്‍ക്ക് വലിയ ഭീഷണിയുണ്ടായി . മഴയുടെ തീവ്രത കുറഞ്ഞു. പക്ഷേ ഹരിയാന ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ തുടരുകയാണ് . പ്രളയ ബാധിതരുടെ പുനരധിവാസവും ആശങ്കയിലാണ്.
https://www.facebook.com/Malayalivartha



























