സിപിഎം ഓഫീസുകള്‍ തൃണമൂല്‍ കൈയേറി... പിണറായി പ്രഖ്യാപിക്കൂ കേരളത്തില്‍ കരിദിനം

ബംഗാളില്‍ സിപിഎമ്മിന്റെ 80 ശതമാനം ഓഫീസുകളും സിപിഎം തിരികെപ്പിടിച്ചിരിക്കുന്നു. തിരികെ വീണ്ടും ചെങ്കൊടി കെട്ടി, ലനിനിന്റെയും സ്റ്റാലിന്റെയും മറ്റും ഫോട്ടോ തിരികെ ഭിത്തിയില്‍വച്ച് മാലയിട്ടു എന്നൊക്കൊയുള്ള വീരവാദം മൂന്നു വര്‍ഷം മുന്‍പ് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു.
എന്നുവച്ചാല്‍ ബംഗാളില്‍ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസ് മുതല്‍ ജില്ലാ ഓഫീസുകള്‍ വരെ പിടിച്ചെടുത്തെന്നും ഒരുവിധം കോടതി കയറി അവയൊക്കെ സിപിഎം തിരിച്ചുപിടിച്ചെന്നുമായിരുന്നു വാര്‍ത്തയുടെ ചുരുക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ഇതേ വാര്‍ത്ത ദേശാഭിമാനിയില്‍ ഒഴികെ ദേശീയ മാധ്യമങ്ങളിലെല്ലാം വെണ്ടയ്ക്കാ തലക്കെട്ടില്‍ വാര്‍ത്തയായിരുന്നു.
ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം സഖാക്കളെ തല്ലിയോടിച്ച് പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടി കെട്ടുകയും ചെയ്ത ഓഫീസുകളില്‍ ഏറെയും സിപിഎം തിരിച്ചുപിടിച്ച് വീണ്ടു ചുവപ്പ് പെയിന്റ് അടിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതു തന്നെ സംഭവിച്ചിരിക്കുന്നു. മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബാസു ഉദ്ഘാടനം ചെയ്തതുള്‍പ്പെടെയുള്ള നൂറു കണക്കിന് സിപിഎം ഓഫീസുകള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൈയേറി താമസം തുടങ്ങിയെന്നും കഞ്ഞിവച്ചുതുടങ്ങിയെന്നുമൊക്കെയാണ് വാര്‍ത്തകള്‍.
ഈ കഞ്ഞിവയ്പ്പുകാരെയും കുടിയേറ്റക്കാരെയും എന്നു പുറത്താക്കി ഓഫീസുകള്‍ വീണ്ടെടുക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സിപിഎം ഓഫീസുകള്‍ തല്ലിപ്പൊളിച്ച് പ്രദേശം ഇടിച്ചുനിരപ്പാക്കി എന്നതൊക്കെ വാര്‍ത്തകളായി പുറത്തുവരുന്നു.
സഖാവ് ലെനിന്റെ തല തകര്‍ത്തു, സഖാവ് സ്റ്റാലിന്റെ കാല്‍മുട്ട് തല്ലിയൊടിച്ചു, ജ്യോതി ബാസുവിന്റെ കണ്ണാടി ഇളക്കിക്കൊണ്ടുപോയി തുടങ്ങി അനേകം പരാതികളാണ് പുറത്തുവന്നത്. പാര്‍ട്ടിയുടെ ദൈവം കാറല്‍ മാക്‌സിന്റെ പ്രതിമ ഇളക്കി തല്ലിപ്പൊട്ടിച്ചപ്പോള്‍ പോലെ അവശേഷിക്കുന്ന സഖാക്കള്‍ക്ക് ദുഖമുണ്ടായില്ല. പാര്‍ട്ടിതന്നെ ബംഗാളില്‍ ഇല്ലാതായിരിക്കെ കാറല്‍ മാക്‌സ് അനാഥനായി നിന്നിട്ട് എന്തുകാര്യം എന്നതാണ് വിവരമുള്ള സഖാക്കളുടെ ഉള്ളില്‍ ഉയരുന്ന ചോദ്യം. ഗുണ്ടയെ മഹാഗുണ്ട നേരിടും എന്ന പ്രകൃതിയുടെ പ്രമാണമാണ് ബംഗാളില്‍ ഈയിടെയായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. 35 വര്‍ഷം ബംഗാളില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ സിപിഎമ്മിനെ മമതയുടെ തൃണമൂല്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയൊതുക്കിയും ഇല്ലാതാക്കുന്നു എന്നതാണ് സത്യം. അടുത്ത മേയില്‍ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ സിപിഎമ്മിന് സ്വന്തമായി ഓഫീസുകള്‍ അവശേഷിക്കുമോ എന്നു പോലും കണ്ടറിയേണ്ട ഗതികേടാണുള്ളത്.
കോല്‍ക്കട്ട നഗരത്തില്‍ മാത്രം തിരുവനന്തപുരം എകെജി സെന്ററിനെ വെല്ലുന്ന മൂന്ന് പ്രധാന ഓഫീസുകള്‍ ബംഗാള്‍ സിപിഎമ്മിനുണ്ടായിരുന്നു. പഴയ പ്രതാപമൊക്കെപ്പോയി ആളുംപേരുമില്ലാതെ ഈ ഓഫീസുകള്‍ വെറുതെ കിടക്കുകയാണിപ്പോള്‍.
ബംഗാളില്‍ ദേശാഭിമാനിക്കു തുല്യമായി പ്രചാരത്തിലുണ്ടായിരുന്ന ഗണശക്തി ഏറെ ദയനീയമായ സ്ഥിതിയിലെത്തിയിരിക്കുന്നു. പേരിനു മാത്രം കോപ്പികള്‍ അച്ചടിക്കുന്ന സ്ഥിതിയിലേക്ക് അവിടെ പാര്‍ട്ടി പത്രം ചെറുതായിരിക്കുന്നു. സിപിഎം അനുഭാവ വാരികകളും കുട്ടിപ്പത്രങ്ങളുമേറെയും നിലച്ചിട്ട് പതിറ്റാണ്ടു പിന്നിടുന്നു.
സിപിഎമ്മിന് സംസ്ഥാനത്ത് പകുതി ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍പോലും ഇല്ലാത്ത സ്ഥിതിയിലേക്ക് പ്രസ്ഥാനം തകര്‍ന്നുപോയിരിക്കെയാണ് പാര്‍ട്ടി ഓഫീസുകളേറെയും സംസ്ഥാനം ഭരിക്കുന്ന മമതയുടെ പാര്‍്ട്ടിക്കാര്‍ കൈവശപ്പെടുത്തിയെന്ന ദയനീയ വാര്‍ത്ത പുറത്തുവരുന്നത്. കേരളത്തില്‍ ഒരു പാര്‍ട്ടി ഓഫീസ് ഇത്തരത്തില്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുത്താല്‍ എത്ര വലിയ ചോരപ്പുഴയും വെട്ടിക്കൊലയുമാവും സംഭവിക്കുക.
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പോടെ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ വിലാസം ഏറെക്കുറെ അവസാനിക്കും. ഏരിയാ കമ്മിറ്റ പുനസംഘടനയും പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങളും നടന്നിട്ട് വര്‍ഷങ്ങളായി. പാര്‍ട്ടി അംഗങ്ങളുടെ എണ്ണം അഞ്ചിലൊന്നായി ചുരുങ്ങുകയും ചെയ്തു. ത്രിപുരയ്ക്കു പിന്നാലെ അപ്പാടെ വിലാസവും അസ്തിത്വവും ന്ഷ്ടമായ പ്രസ്ഥാനമായിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ.
പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എംവി ജയരാജന്‍ എന്നിവരെപ്പോലെ സിപിഎം ബംഗാള്‍ ഘടകത്തിലെ നേതാക്കളാണ് എംഡി സലീം, സൂര്യകാന്ത് മിശ്ര, ശാന്തരൂപ് ഘോഷ് എന്നിവരൊക്കെ. ഈ പേരുകളൊക്കെ കേരളത്തിലെന്നല്ല ബംഗാളില്‍പ്പോലും ഒരാള്‍ക്കും അറിയില്ലെന്ന കാലമായിരിക്കുന്നു. ആസന്നഭാവിയിലൊന്നും സിപിഎമ്മന് നഷ്ടപ്രതാപം വീണ്ടെടുക്കാനാവാത്ത വിധം പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുപോയി. പ്രസ്ഥാനം പോലെ ബംഗാള്‍ ജനതയ്ക്ക് പ്രധാനമാണ് നേതാവ്. ആരാധ്യനായിരുന്നു മുന്‍പ് ജ്യോതി ബാസു.
സിപിഎമ്മിന്റെ ആരാധ്യനേതാവ് എന്നതിലുപരി സാധാരണക്കാരുടെ മനസിലും ബാസുവിന് സ്ഥാപവും ആദരവുമുണ്ടായിരുന്നു. അതിനുശേഷം ബംഗാളില്‍ അടിയുറച്ച നേതാവിന്റെ അഭാവത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി മമതാ ബാനര്‍ജിയുടെ വരവ്. അതോടെ വംഗനാട്ടിലെ ജനങ്ങളൊന്നാകെ ദീതിയോടൊപ്പം ചേര്‍ന്നു. 35 വര്‍ഷം സിപിഎമ്മിന് വോട്ടുചെയ്തുപോന്ന ജനങ്ങള്‍ അപ്പാടെ ആ പ്രസ്ഥാനത്തെ കൈവിട്ടുകളഞ്ഞു. മാത്രവുമല്ല ആ പ്രസ്ഥാനത്തോടുള്ള വിശ്വാസം എന്നേക്കുമായി നഷ്ടമാവുകയും ചെയ്തു.
ബംഗാളില്‍ തീരെ മോശമല്ലാത്ത ഇടതു പ്രസ്ഥാനങ്ങളായിരുന്നു സിപിഐയും ഫോര്‍വേഡ് ബ്ലോക്കും ആര്‍എസ്പിയും. സിപിഎമ്മിന്റെ ഗതികേടിനെക്കാള്‍ ദയനീയമായി ഈ മൂന്നു പാര്‍ട്ടികളും ബംഗാളില്‍ വട്ടപ്പൂജ്യമായിരിക്കുന്നു. ഫോര്‍വേര്‍ഡ് ബ്ലോക്കിനും ആര്‍എസ്പിക്കും എംപിമാരും എംഎല്‍എമാരും പലരുണ്ടായിരുന്ന പ്രതാപകാലമൊക്കെ അസ്ഥാനത്തായിരിക്കുന്നു.
കോണ്‍ഗ്രസിനുണ്ടായ പതനം പോലെ ബംഗാളില്‍ ഇടതുപ്രസ്ഥാനം വേരറ്റുപോയിക്കൊണ്ടിരിക്കുന്നു. പിരിച്ചും പിഴിഞ്ഞും കടം പറഞ്ഞും വാങ്ങിക്കൂട്ടിയ പാര്‍ട്ടി ഓഫീസുകള്‍ പോലും കൈമോശം സംഭവിക്കും വിധം പ്രതിയോഗികള്‍ ആ പ്രസ്ഥാനത്തെ ഇല്ലായ്മപ്പെടുത്തുന്ന ദയനീയ സാഹചര്യം.
https://www.facebook.com/Malayalivartha



























