ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സ്ഥിരമായി കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കി സുപ്രീം കോടതി

ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സ്ഥിരമായി കേരളത്തില്‍ തങ്ങാനായി അനുമതി നല്‍കി സുപ്രീം കോടതി .
ഇനി വിധി പ്രഖ്യാപനവേളയില്‍ മാത്രം ബംഗളൂരുവില്‍ എത്തിയാല്‍ മതി. ബംഗളൂരു വിട്ടുപോകരുതെന്ന 2014 ജൂലായ് 11ലെ ജാമ്യവ്യവസ്ഥ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ഒഴിവാക്കി.
കൊല്ലം ജില്ലയിലെ സ്വദേശത്ത് തങ്ങാം. 15 ദിവസത്തിലൊരിക്കല്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും വേണം. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൈനാഗപ്പള്ളിയാണ് മഅ്ദനിയുടെ സ്വദേശം.ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തു പോകണമെങ്കില്‍ പൊലീസിനെ അറിയിച്ചശേഷം കേരളത്തില്‍ എവിടേക്കും പോകാം.
സ്‌ഫോടനക്കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായതും അന്തിമവാദത്തിന് മഅ്ദനിയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്നതും കോടതി കണക്കിലെടുത്തു. വിവരങ്ങള്‍ ആരായണമെങ്കില്‍ വിചാരണക്കോടതിക്ക് നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് തേടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























