രാജ്യത്തിന് അപമാനമായി മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം;പോലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിനിട്ട് കൊടുത്തിട്ട് പോയെന്ന് യുവതികള്‍,രോഷം അണപൊട്ടുന്നു,ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇന്ത്യ,കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

മണിപ്പൂരില്‍ നടന്ന ക്രൂരതയില്‍ രാജ്യം വിറങ്ങലിയ്ക്കുന്നു. രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തിന് അപമാനമായി മാറിയിരിക്കുന്നു. ഇപ്പോള്‍ യുവതിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ രോഷം അണപൊട്ടുന്നു. മണിപ്പുരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഈ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ആള്‍ക്കൂട്ടം ബലമായി പിടികൂടിയതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പൊലീസുകാര്‍ തങ്ങളെ ജനക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഈ സ്ത്രീകളില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. ഒരു വ്യാജ വിഡിയോ സൃഷ്ടിച്ച പ്രകോപനമാണ് ഇത്തരമൊരു ക്രൂരതയ്ക്ക് ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഈ സ്ത്രീകളില്‍ ഒരാളുടെ സഹോദരനെ ഇതേ ആള്‍ക്കൂട്ടം അതേ ദിവസം തന്നെ ക്രൂരമായി കൊലപ്പെടുത്തിയതായും വ്യക്തമായി.
മേയ് നാലിന് സുരക്ഷിത സ്ഥാനം തേടി വനപ്രദേശത്തേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ചെറിയ സംഘത്തില്‍ അംഗങ്ങളായിരുന്നു ഈ സ്ത്രീകളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ടു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. അന്‍പത്താറുകാരനായ പിതാവും 19കാരനായ മകനും 21കാരിയായ മകളുമാണ് ഇവര്‍. 42, 52 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
വനത്തിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവര്‍ ഒരു പൊലീസ് സംഘത്തെ കണ്ടുമുട്ടിയതായി എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ക്കൊപ്പം 2 കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്കു പോകുമ്പോഴാണ് 800-1000 പുരുഷന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം ഇവരെ തേടിയെത്തിയത്. സംഘത്തിലുണ്ടായിരുന്ന 19കാരനെ പൊലീസിനു മുന്നിലിട്ട് ആള്‍ക്കൂട്ടം കൊലപ്പെടുത്തി. തന്റെ സഹോദരിയെ പിടികൂടാനുള്ള ആള്‍ക്കൂട്ടത്തിന്റെ ശ്രമത്തെ ചെറുക്കുമ്പോഴാണ് 19കാരന്‍ കൊല്ലപ്പെട്ടത്.
ഇതിനു പിന്നാലെ സംഘത്തിലെ ഒരു സ്ത്രീയെ അക്രമിസംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും പൊലീസിനു ലഭിച്ച പരാതിയില്‍ പറയുന്നു. മേയ് 18ന് തന്നെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മേയ് 21ന് സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി. അതിനിടെ, തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സ്ത്രീകളില്‍ ചിലരെ എതിര്‍ വിഭാഗക്കാര്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ പ്രകോപനത്തിലാണ് ആള്‍ക്കൂട്ടം ഈ സ്ത്രീകളെ തേടിച്ചെന്നതെന്നും സൂചനയുണ്ട്. എന്നാല്‍, ഈ വിഡിയോ വ്യാജമായിരുന്നുവെന്നാണ് സൂചന. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കാന്‍ഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നത്. മേയ് ആദ്യം മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്‌നരായ രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണ് പുറത്തായ വിഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎല്‍എഫ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























