എവിടേയും സങ്കട കടല്‍... ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയുടെ ജീവനെടുത്തതും ആകാശം; രക്ഷപ്പെട്ടയാള്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങള്‍; ശരിക്കും ഭയന്നുപോയി, അവിടെനിന്ന് ഓടി'

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. അതിനിടെ വേദനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ കാര്യങ്ങള്‍.
അതേസമയം 242 പേരുമായി ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് ജീവനോടെ ബാക്കിയായത് ആ ഒരാള്‍ മാത്രമാണ്. അവിശ്വസനീയമാം വിധം ജീവതത്തിലേക്ക് ഓടിക്കയറിയ വിശ്വാസ് കുമാര്‍ രമേഷ്. 241 പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ മൂകസാക്ഷി. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷും സഹോദരനായ അജയ്കുമാര്‍ രമേഷും(45) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം. ''ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്നുവീണത്. എല്ലാം പെട്ടെന്നായിരുന്നു. ഞാന്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാന്‍ ശരിക്കും ഭയന്നുപോയി. തുടര്‍ന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഒരാള്‍ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു'' - വിശ്വാസ് കുമാര്‍ പറഞ്ഞു.
വിമാനത്തിലെ 11എ സീറ്റിലായിരുന്നു വിശ്വാസ് കുമാര്‍ യാത്ര ഇരുന്നിരുന്നത്. മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരന്‍ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാര്‍ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ വിശ്വാസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്.
ആകാശത്തെ അതിരറ്റു സ്‌നേഹിച്ച റോഷ്‌നിയുടെ ജീവനെടുത്തതും ഒടുവില്‍ ആകാശം. ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച കാബിന്‍ ക്രൂ റോഷ്‌നി രാജേന്ദ്ര(27)യുടെ വിയോഗം അടുപ്പമുള്ളവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്‌നിയുടെ സ്വപ്നം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 'സ്‌കൈ ലവ്‌സ് ഹേര്‍' എന്നാണ് റോഷ്‌നി പേരു നല്‍കിയിരുന്നത്. 50000ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്‌നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും പുതിയ ചിത്രങ്ങള്‍ റോഷ്‌നി പങ്കുവച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്‌നിയുടെ കുടുംബം എത്തിയത്.
ഗതാഗതക്കുരുക്കില്‍ കുടുങ്ങിപ്പോയ 10 മിനിറ്റിനെ ആയുസ്സിന്റെ ബലം എന്നു മാത്രമേ ഭൂമി ചൗഹാന് വിശേഷിപ്പിക്കാനാവൂ. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി കത്തിയമര്‍ന്ന വിമാനത്തിലെ യാത്രക്കാരില്‍ ഒരാളാവേണ്ടതായിരുന്നു ഭൂമിയും. യുകെയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ഭൂമി 2 വര്‍ഷത്തിനു ശേഷമാണ് അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലെത്തിയത്. ഇന്നലെ തനിയെ തിരികെപ്പോകാനായി ടിക്കറ്റ് എടുത്തു. പക്ഷേ, നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 10 മിനിറ്റ് വൈകിയതിനാല്‍ യാത്ര റദ്ദാക്കേണ്ടി വന്നു. ''അപകടവിവരം അറിഞ്ഞപ്പോള്‍ ശരീരമാകെ വിറച്ചുപോയി. സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ഭാഗ്യമുള്ളയാളാണ്. എന്റെ യാത്ര മുടക്കിയ ദൈവത്തിന്റെ ഇടപെടലിന് നന്ദി''- ഭൂമി പറഞ്ഞു.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് ലണ്ടനിലേക്കു തിരിച്ച 230 പേര്‍. അവര്‍ക്കൊപ്പം 12 ക്രൂ അംഗങ്ങളും. 1.38 ന് പറന്നുയര്‍ന്ന് 5 മിനിറ്റിനുള്ളില്‍ത്തന്നെ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം താഴേക്കു പതിച്ചു. നിയന്ത്രണം നഷ്ടപ്പെട്ടാണ് വിമാനം വീണതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പറന്നുയരുമ്പോള്‍ വിമാനത്തിന് അപകടം സംഭവിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്?
വിമാന യാത്രയില്‍ ഏറ്റവും അപകടകരമായ ഘട്ടങ്ങള്‍ ടേക്ക് ഓഫും ലാന്‍ഡിങ്ങുമാണെന്നാണ് വ്യോമയാന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വിമാനാപകടങ്ങളില്‍ ഏറെയും സംഭവിച്ചതും ഈ ഘട്ടങ്ങളിലാണ്. ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സേഫ്റ്റി സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 35 ശതമാനം വിമാനാപകടങ്ങളും ടേക്ക് ഓഫ് സമയത്താണ് ഉണ്ടാകുന്നത്. ക്രൂസ് ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൈലറ്റ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ടേക്ക് ഓഫ്, ലാന്‍ഡിങ് ഘട്ടങ്ങളിലാണ്. ഏകോപനം, പെട്ടെന്ന് തീരുമാനമെടുക്കല്‍ എന്നിവ ലാന്‍ഡിങ് ഘട്ടത്തില്‍ പൈലറ്റിന് ആവശ്യമാണ്.
ടേക്ക് ഓഫിനിടെ അപകടമുണ്ടാകാനുള്ള കാരണങ്ങള്‍
എന്‍ജിന്‍ തകരാര്‍
ടേക്ക് ഓഫ് സമയത്ത് എന്‍ജിനുകള്‍ പരമാവധി സമ്മര്‍ദത്തിലായിരിക്കും. പക്ഷി ഇടിക്കുക, ഇന്ധന മര്‍ദം കുറയുക, നിര്‍മാണ തകരാറുകള്‍ പോലുള്ള സാങ്കേതിക പിഴവുകള്‍ സംഭവിക്കുക എന്നിവ മൂലം അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പൈലറ്റിന്റെ പിഴവ്
മനുഷ്യരുടെ പിഴവാണ് ടേക്ക് ഓഫ് സമയത്ത് വിമാനാപകടമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വേഗത നിര്‍ണയിക്കുന്നതിലുള്ള പിഴവ്, റൊട്ടേഷന്‍ പോയിന്റ് മനസ്സിലാക്കുന്നതിലെ പിഴവ്, തെറ്റായ പിച്ചോ ആങ്കിളോ സെലക്ട് ചെയ്യുക തുടങ്ങി പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള പിഴവു കൊണ്ട് അപകടമുണ്ടാകാം.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ടേക്ക് ഓഫിനിടെ വിമാനം അപകടത്തില്‍പെടാന്‍ കാരണമാകാറുണ്ട്. ശക്തമായ കാറ്റ്, മൂടല്‍മഞ്ഞ്, ഇടിമിന്നല്‍ എന്നിവയെല്ലാം അപകടകാരണമാകാം.
റണ്‍വേയിലെ പ്രശ്‌നങ്ങള്‍
ടേക്ക് ഓഫിനിടെ റണ്‍വേയില്‍ പെട്ടെന്ന് ഒരു വാഹനമോ പക്ഷിയോ മറ്റൊരു വിമാനമോ എത്തുകയാണെങ്കിലും അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ''ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങള്‍ വഹിക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.''- ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
''അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യ ഫ്‌ലൈറ്റിന് സംഭവിച്ച ദാരുണമായ അപകടത്തില്‍ ഞങ്ങള്‍ അഗാധമായി ദുഃഖിതരാണ്. ഈ ഹൃദയഭേദകമായ സംഭവം ഒട്ടേറെ കുടുംബങ്ങളെയാണ് ദുഃഖിതരാക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു.'' - ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ പറഞ്ഞു.
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ പലരെയും കാണാതായിട്ടുണ്ട്. 11 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാനാണ് സാധ്യത. യാത്രക്കാര്‍ക്കു പുറമേ ഇങ്ങനെയുള്ള മരണം വിമാനദുരന്തങ്ങളില്‍ അപൂര്‍വമാണ്.
വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരുമുണ്ട്.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബി.ജെ.മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിച്ചു, തീഗോളമായി. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
6 നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്) ടീം, 2 ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സംഘങ്ങള്‍, എന്‍എസ്ജി, സൈന്യം, സിആര്‍പിഎഫ്, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിരക്ഷാസേന ഇവ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം രണ്ടരമണിക്കൂര്‍ അടച്ചു. 4.29ന് പ്രവര്‍ത്തനം പുനരാരംഭിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. അപകട സ്ഥലം സന്ദര്‍ശിക്കുന്ന അദ്ദേഹം പരുക്കേറ്റു ചികിത്സയിലുള്ളവരെയും കാണും.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമാണ് ഇന്നലത്തേത്. 1996 നവംബര്‍ 12നു ഹരിയാനയിലെ ചര്‍ക്കി ദാദ്രി ഗ്രാമത്തിനു മുകളില്‍ സൗദി എയര്‍വേയ്സിന്റെയും കസഖ് എയര്‍വേയ്സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിച്ചു 15 മലയാളികള്‍ ഉള്‍പ്പെടെ 351 പേര്‍ മരിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനദുരന്തം. ഇന്ത്യന്‍ വിമാനം തകര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 1985 ജൂണ്‍ 24നു കനിഷ്‌ക വിമാനദുരന്തത്തിലാണ്. ടൊറന്റോ - മുംബൈ യാത്രയ്ക്കിടെ അയര്‍ലന്‍ഡ് തീരത്തുവച്ചുണ്ടായ സ്ഫോടനത്തില്‍ വിമാനം തകര്‍ന്നു 329 പേരാണു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha