ഇന്ത്യ ചൈന വിമാന സര്‍വീസുകള്‍ ഈ മാസം പുനരാരംഭിക്കും

ഇന്ത്യ ചൈന വിമാന സര്‍വീസുകള്‍ ഈ മാസം മുതല്‍ പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തി. ഈ മാസം അവസാനത്തോടെ ആയിരിക്കും സര്‍വീസുകള്‍ പുനരാരംഭിക്കുക. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ തയ്യാറാകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ സൈനികര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യചൈന ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുകയും നിരവധി റൗണ്ട് സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും, ഇറക്കുമതികളില്‍ കൂടുതല്‍ സൂക്ഷ്മ പരിശോധന നടത്തിയതും, പകര്‍ച്ചവ്യാധിയുടെ സമയത്ത് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരസാമ്പത്തിക ബന്ധങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ നിലയിലേയ്ക്ക് മടങ്ങുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള കേന്ദ്ര നീക്കം.
https://www.facebook.com/Malayalivartha