കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടിവികെ പ്രവര്‍ത്തകരെ തൊടരുതെന്ന് വിജയ്

എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞദിവസം വിജയ് വീഡിയോയില്‍ എത്തിയിരുന്നു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടിവികെ പ്രവര്‍ത്തകരെ തൊടരുതെന്നും, താന്‍ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നുമാണ് വിജയ് വീഡിയോയില്‍ പറഞ്ഞത്.
'നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകള്‍ക്ക് ദുരിതമുണ്ടായപ്പോള്‍ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് അവിടേക്ക് വരാതിരുന്നത്. പരിക്കേറ്റവരെ ഉടന്‍ കാണും. വേദനയില്‍ കൂടെ നിന്നവര്‍ക്കും നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നന്ദി. കരൂരില്‍ നിന്നുള്ള ജനങ്ങള്‍ സത്യം വിളിച്ചു പറയുമ്പോള്‍ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. മുഖ്യമന്ത്രി സാര്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ... എന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ തൊടരുത്. ഞാന്‍ വീട്ടിലുണ്ടാകും. അല്ലെങ്കില്‍ ഓഫീസിലുണ്ടാകും. രാഷ്ട്രീയ യാത്ര തുടരും' എന്നാണ് വിജയ് പറഞ്ഞത്. വിജയ്‌യുടെ വെല്ലുവിളിയില്‍ സ്റ്റാലിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിജയ്‌യുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്‌ക്കെതിരെ ഡിഎംകെ വക്താവ് എ ശരവണന്‍ രംഗത്തെത്തിയിരുന്നു. ഇത് വിജയ്‌യുടെ പുതിയ തിരക്കഥയാണെന്നും വീഡിയോ പുറത്തിറക്കാന്‍ നാല് ദിവസമെടുത്തു എന്നുമാണ് ശരവണന്‍ വിമര്‍ശിച്ചത്. കരൂര്‍ ദുരന്തത്തില്‍ വിജയ് ഉത്തരവാദിത്തം ഏറ്റെടുക്കണം. വിജയ് നിയമം ലംഘിച്ചതിനാലാണ് ദുരന്തമുണ്ടായതെന്നും ശരവണന്‍ ആരോപിച്ചു.
41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ ടിവികെ കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ അറസ്റ്റിലായിരുന്നു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിര്‍മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ടിവികെ നേതാവും കരൂര്‍ സ്വദേശിയായ പൗന്‍ രാജിനെയും കസ്റ്റഡിയിലെടുത്തു. ടിവികെയുടെ പരിപാടിക്ക് അനുമതി തേടിയ അപേക്ഷയില്‍ ഒപ്പിട്ടത് പൗന്‍ രാജ് ആണ്.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഇത് അവസരം മുതലാക്കാന്‍ ബിജെപിയെ സഹായിക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്.
https://www.facebook.com/Malayalivartha