ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ കണ്ടെത്തി

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ കണ്ടെത്തി. 2023 ല്‍ ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായ ഇരുപത് വയസ്സുകാരിയെ മദ്ധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും നിരീക്ഷണ സംഘങ്ങളും നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് 2023 ഒക്ടോബര്‍ 23ന് യുവതിയുടെ കുടുംബം പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലും യുവതിയെ കണ്ടെത്താനായില്ല. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചതോടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അതനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 ബി (സ്ത്രീധനമരണം) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഭര്‍ത്താവിനും അയാളുടെ 6 ബന്ധുക്കള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് വര്‍ഷത്തോളമായി കേസ് നടക്കുകയാണ്.
അന്വേഷണം തുടരുന്നതിനിടയിലാണ് മധ്യപ്രദേശില്‍ നിന്ന് യുവതിയെ കണ്ടെത്തിയതെന്നും ബുധനാഴ്ച അവരെ ഔറയ്യയിലേക്ക് തിരികെ എത്തിച്ചെന്നും ഔറ സര്‍ക്കിള്‍ ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു. അന്വേഷണം കൂടുതല്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്ധ്യപ്രദേശില്‍ യുവതി എന്താണ് ചെയ്തിരുന്നതെന്നും ഇത്രയും കാലം കുടുംബവുമായോ ഭര്‍ത്താവിന്റെ ബന്ധുക്കളുമായോ ബന്ധപ്പെടാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം കോടതിയിലെ കേസിനെ സ്വാധീനിക്കുമെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha