റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം

അന്തര്‍ സംസ്ഥാനപാതയില്‍ പന മറിച്ചിട്ട് മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച് കാട്ടുകൊമ്പന്‍ കബാലി. കൊമ്പന്റെ കുറുമ്പിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെ അമ്പലപ്പാറ പെന്‍സ്‌റ്റോക്കിന് സമീപമായിരുന്നു സംഭവം. റോഡിലേക്ക് പന മറിച്ചിട്ട കബാലി അത് തിന്ന് തീരുന്നതുവരെ റോഡില്‍ നിലയുറപ്പിച്ചു. ഞായറാഴ്ചയായതിനാല്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ളവരടക്കം നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളി മേഖലയിലെത്തിയിരുന്നത്.
ആന റോഡില്‍ നിലയുറപ്പിച്ചതോടെ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര അന്തര്‍ സംസ്ഥാനപാതയില്‍ അനുഭവപ്പെട്ടു. വനംവകുപ്പ് എത്തി ആനയെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കനത്ത മഴയും ആനയെ തുരുത്താനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി. രാത്രി എട്ടോടെ ആന വനത്തിലേക്ക് പോയതോടെയാണ് വാഹന ഗതാഗതം പുനരാരംഭിക്കാനായത്.
https://www.facebook.com/Malayalivartha