വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ തമിഴക വെട്രി കഴകത്തിന് അധികകാലം ഭരണം ഉറപ്പിക്കാന്‍ കഴിയില്ലന്നെ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. നിലവിലെ ടിവികെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ കരുണയിലാണ് ഈ ഭരണകൂടം മുന്നോട്ട് പോകുന്നതെന്നും സ്റ്റാലിന്‍ പറയുന്നു. ജനപ്രീതി കൊണ്ട് രൂപപ്പെട്ട ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഇന്നലെ ചെന്നൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ തരംഗത്തേക്കാള്‍ 'സിനിമാ സുനാമി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ ബോദ്ധ്യങ്ങളെക്കാള്‍ തങ്ങളുടെ പ്രിയപ്പെട്ട സിനിമാ നടന്‍ ഒരുപാര്‍ട്ടി രൂപീകരിച്ച ആവേശത്തിലാണ് വോട്ടര്‍മാര്‍ വിജയ്‌യെ പിന്തുണച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
കുട്ടികള്‍ക്ക് പുതിയ കളിപ്പാട്ടങ്ങളോടുള്ള കമ്പം കുറച്ചുദിവസം കഴിയുമ്പോള്‍ മാറുന്നത് പോലെ, ജനങ്ങള്‍ക്ക് ഈ പാര്‍ട്ടിയോടുള്ള ആവേശവും വൈകാതെ തണുക്കും. ഒടുവില്‍, ഒരു കുട്ടി അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തുന്നത് പോലെ തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ വീണ്ടും ഡിഎംകെയെ തേടിവരുമെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകള്‍ സ്വന്തം നിലയ്ക്ക് നേടാന്‍ ടിവികെയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചാണ് സര്‍ക്കാരിന്റെ ഭാവി അസ്ഥിരമാണെന്ന് സ്റ്റാലിന്‍ വാദിക്കുന്നത്.
സിപിഐ, സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വിസികെ, മുസ്ലിം ലീഗ് (ഐയുഎംഎല്‍) തുടങ്ങിയ കക്ഷികളും ആദ്യ ഘട്ടത്തില്‍ വിജയ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരുന്നതെന്നും, എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റി മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നുവെന്നും സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു. എഐഎഡിഎംകെയെ പിളര്‍ത്താന്‍ പലവിധ നീക്കങ്ങള്‍ നടന്നുവെങ്കിലും അതൊന്നും വിജയം കണ്ടില്ലെന്നും, നിലവില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം തികച്ചും അസ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























