സാധാരണക്കാർ ദുരിതത്തിൽ... ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. ജനങ്ങൾക്ക് വൻ തിരിച്ചടിയാകുന്നു. ഇന്ന് മാത്രം പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്.
പുതിയ നിരക്ക് വർദ്ധനവോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ ചുവടുപിടിച്ച് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.
കടത്ത് ചെലവ് കൂടുമെന്നതിനാൽ ഡീസൽ വിലയിലെ വർധന വൈകാതെ എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വിലയെ ബാധിച്ചുതുടങ്ങും. പാൽ, പച്ചക്കറികൾ, ഫലവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെയെല്ലാം വില വർധിക്കാനാണ് സാധ്യത.
കൂടാതെ കെട്ടിട നിർമാണ വസ്തുക്കൾ, വ്യാവസായിക ഉൽപന്നങ്ങൾ ഉൾപ്പെടെ എല്ലാ വസ്തുക്കളുടെയും വില വർദ്ധിപ്പിക്കും. ഈ വിലക്കയറ്റം രാജ്യത്തെ പൊതുവിലുള്ള പണപ്പെരുപ്പം കുതിച്ചുയരാനായി കാരണമായേക്കാം.
https://www.facebook.com/Malayalivartha
























