11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ ചാക്കില്‍ക്കെട്ടി ജീവനോടെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്‍ക്കത്തിയിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ തുടര്‍ന്ന് ദക്ഷിണ 24 പര്‍ഗാനാസില്‍ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ഒരു പ്രതിയെ തല്ലിക്കൊന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് ഞായറാഴ്ച കൊല്‍ക്കത്തയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും ഗുരുതരമായ മുറിവുകളും കടിച്ചു കീറിയ അടയാളങ്ങളുമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടിയുടെ തലയില്‍ മാരകായുധം ഉപയോഗിച്ച് അടിക്കുകയോ തല ശക്തിയായി ഇടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. കുളത്തിലേക്ക് എറിയുമ്പോള്‍ പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിലൂടെ മനസിലാകുന്നത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് കടുത്ത രക്തസ്രാവവും വെള്ളത്തില്‍ മുങ്ങിയതുമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ആനന്ദ് സര്‍ദാറിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിനായി അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















