തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

തെന്നിന്ത്യൻ സംഗീത ലോകത്തിന്റെ വാനമ്പാടി എസ് ജാനകി ഇനി ഓർമ. സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി പ്രണാമം അർപ്പിച്ച് രാജ്യം യാത്രാമൊഴിയേകി.
മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം നടന്നത്. രാഷ്ട്രീയ സാസ്കാരിക ചലച്ചിത്ര പിന്നണിഗാന പ്രതിഭകളടക്കം പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്കാര ചടങ്ങുകൾ.
മൈസുരു മഹാരാജ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷമാണ് കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാരത്തിനായി ജാനകിയുടെ ഭൗതിക ശരീരം എത്തിച്ചത്. ശേഷം സംസ്ഥാന സർക്കാർ പൂർണ ബഹുമതികൾ അർപ്പിക്കുകയും ചെയ്തു. പേരക്കുട്ടി അപ്സരയാണ് ജാനകിയമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.
അതേസമയം മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു എസ് ജാനകി അന്തരിച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി.
https://www.facebook.com/Malayalivartha
























