തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ വധ ഭീഷണി

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്‌ക്കെതിരെ ഭീഷണിയും വിദ്വേഷപരമായ പരാമര്‍ശങ്ങളും നടത്തിയെന്ന കേസില്‍ ഡി.എം.കെ എം.എല്‍.എ ജി.വി. മാര്‍ക്കണ്ഡേയനെ തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിളാത്തികുളം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മാര്‍ക്കണ്ഡേയന്‍. ശനിയാഴ്ച വൈകീട്ട് കോവില്‍പട്ടിയില്‍ നടന്ന നന്ദിപ്രകാശ യോഗത്തിനിടെയായിരുന്നു കേസിനാസ്പദമായ പ്രസംഗം.
തമിഴ്‌നാട് നിയമസഭയില്‍വെച്ച് മുഖ്യമന്ത്രി വിജയ്യുടെ എല്ലുകള്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് എം.എല്‍.എയ്‌ക്കെതിരായ ആരോപണം. സംഭവത്തില്‍ തമിഴക വെട്രി കഴകത്തിന്റെ നോര്‍ത്ത് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. കാശിരാമന്‍ തൂത്തുക്കുടി എസ്.പി. അഭിഷേക് ഗുപ്തയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച്, ഭാരതീയ ന്യായ സംഹിത വകുപ്പുകളായ 351(3), 352, 353(2) എന്നിവ പ്രകാരം മാര്‍ക്കണ്ഡേയനെതിരെ കേസെടുത്തു.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഡിസിബി ഇന്‍സ്‌പെക്ടര്‍ പി. ജാനകിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎല്‍എയുടെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും പൊലീസിനെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. കനത്ത പൊലീസ് സുരക്ഷയില്‍ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിനായി തൂത്തുക്കുടി എസ്.പി. ഓഫീസിലേക്ക് മാറ്റി. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























