എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി

എയര്‍ഹോസ്റ്റസ് പരിശീലനം പൂര്‍ത്തിയാക്കിയ 25കാരിയായ നേഹ ഠാക്കൂര്‍ ഇന്ന് 12 ടണ്‍ ഭാരമുള്ള ലോറിയുടെ ഡ്രൈവറാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ലോറിയുമായി സഞ്ചരിക്കുന്ന നേഹയെ ഹിമാചല്‍ പ്രദേശിലെ ആദ്യ വനിതാ ട്രക്ക് ഡ്രൈവറായാണ് വിശേഷിപ്പിക്കുന്നത്.
മണ്ഡി ജില്ലയിലെ സര്‍കാഘട്ടിലുള്ള ഖുദ്‌ല എന്ന ഗ്രാമമാണ് നേഹയുടെ സ്വദേശം. പിതാവ് മനോജ് ഠാക്കൂര്‍ ഇരുപത് വര്‍ഷത്തിലേറെയായി ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ചെറുപ്പം മുതല്‍ അച്ഛനോടൊപ്പം ലോറിയില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചതാണ് നേഹയുടെ മനസില്‍ ഹെവി വാഹനത്തോടുള്ള കമ്പം വളര്‍ത്തിയത്. അച്ഛന്‍ ലോറിയില്‍ തന്നെ സ്‌കൂളില്‍ കൊണ്ടുപോയിരുന്ന കാലം നേഹയുടെ മനസില്‍ ഇന്നും മായാതെ കിടക്കുന്നു. അന്ന് തുടങ്ങിയ ലോറിയോടുള്ള കൗതുകമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലെ നിര്‍ണായക തീരുമാനത്തിലേക്ക് നേഹയെ എത്തിച്ചത്.
ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം നേഹ ചണ്ഡിഗഢിലെത്തി എയര്‍ഹോസ്റ്റസ് പരിശീലനം നേടിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് കൊവിഡ് മഹാമാരി എത്തിയത്. വ്യോമയാന മേഖല വലിയ പ്രതിസന്ധിയിലായതോടെ നേഹയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. തുടര്‍ന്നാണ് മറ്റൊരു കരിയര്‍ പരീക്ഷിക്കാന്‍ നേഹ തീരുമാനിച്ചത്. ഭാരമേറിയ ഹെവി വാഹനം ഓടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗിയര്‍, ക്ലച്ച്, ബ്രേക്ക് എന്നിവയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനൊപ്പം വാഹനത്തിന്റെ നിയന്ത്രണവും പഠിക്കേണ്ടതുണ്ടായിരുന്നു. െ്രെഡവിംഗ് സ്‌കൂളില്‍ പരിശീലനം നേടിയ നേഹ 2023ലാണ് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കിയത്.അന്ന് 21 വയസായിരുന്നു നേഹയ്ക്കുണ്ടായിരുന്നത്.
യാത്രകള്‍ക്കിടയില്‍ നേഹ മറ്റൊരു വഴിയും കൂടി തുറന്നു—വ്‌ളോഗിംഗ്. യാത്രകളും െ്രെഡവിംഗ് അനുഭവങ്ങളും ദൈനംദിന ജീവിതവുമെല്ലാം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ഹെവി വാഹനത്തിന്റെ െ്രെഡവിംഗ് എങ്ങനെയാണെന്നും ദീര്‍ഘദൂര യാത്രകളിലെ ജീവിതം എങ്ങനെയാണെന്നും ആളുകള്‍ക്ക് അടുത്തറിയാനുള്ള അവസരമായി നേഹയുടെ വീഡിയോകള്‍. ദിവസേനയുള്ള ജോലികള്‍ മുതല്‍ ദീര്‍ഘദൂര യാത്രകള്‍ വരെയുള്ള അനുഭവങ്ങളും വ്‌ളോഗുകളിലൂടെ നേഹ പങ്കുവയ്ക്കുന്നുണ്ട്. പിന്നീട് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. യൂട്യൂബ് ചാനലിന് 4.5 ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സും നേഹയ്ക്കുണ്ട്.
https://www.facebook.com/Malayalivartha


























