മാധ്യമപ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മാധ്യമപ്രവര്‍ത്തകനെ ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗുജറാത്തി ദിനപത്രമായ ജയ് ഹിന്ദിന്റെ ജുനഗഢിലെ ബ്യൂറോ ചീഫുമായ കിഷോര്‍ ദവേ ആണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ നിരവധി തവണ കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓഫീസില്‍ വാര്‍ത്ത തയ്യാറാക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ദവേ കൊല്ലപ്പെട്ടത്.
ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള ഓഫീസിലാണ് ദവേയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവ സമയത്ത് ഓഫീസില്‍ കിഷോര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാവിലെ ഓഫീസിലെത്തിയ ജോലിക്കാരനാണ് കിഷോര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഓഫീസില്‍ സിസിടിവി ക്യാമറകള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറിച്ച് പരാമര്‍ശമില്ല. അതേസമയം സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് കിഷോറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഒരു വര്‍ഷം മുന്‍പ് കിഷോര്‍ ഇയാളെ കുറിച്ചുള്ള ലൈംഗിക പീഡന വാര്‍ത്ത പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് കിഷോറിനെതിരെ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ കിഷോറിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























