350 കോടി ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന സ്‌കോര്‍പ്പീന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപോര്‍ട്ട്, ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്തതായി സൂചന

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഫ്രാന്‍സിന്റെ ആയുധക്കമ്പനിയായ ഡിസിഎന്‍എസ് നിര്‍മിക്കുന്ന സ്‌കോര്‍പ്പീന്‍ അന്തര്‍വാഹിനിയെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ന്നു.ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. 2015ല്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി അന്തര്‍വാഹിനി ഇന്ത്യന്‍ നാവിക സേനക്ക് കൈമാറാനിരിക്കെയാണ് ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
റെസ്ട്രിക്റ്റഡ് സ്‌കോര്‍പീന്‍ ഇന്ത്യ എന്ന പേരിട്ടിരിക്കുന്ന രേഖകള്‍ പുറത്തായ വിവരം ഓസ്‌ട്രേലിയന്‍ പത്രമായ ദ് ഓസ്‌ട്രേലിയന്‍ ആണ് പുറത്തുവിട്ടത്. 22,400 പേജുകളാണ് ചോര്‍ന്നിരിക്കുന്നതെന്ന് ദ് ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുങ്ങിക്കപ്പലിലെ സെന്‍സറുകളെക്കുറിച്ചും വാര്‍ത്താവിനിമയ, ഗതിനിര്‍ണയ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ പേജുകളും ചോര്‍ന്നവയില്‍പ്പെടുന്നു.
മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന ഐഎന്‍എസ് കാല്‍വരിയാണ് ഈ ശ്രേണിയില്‍ പുറത്തിറങ്ങുന്ന ആറു മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേത്.ഐഎന്‍എസ് കാല്‍വരി ലോകത്തിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും അപകടകാരികളായ മുങ്ങിക്കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്.
ഓസ്‌ട്രേലിയന്‍ നാവികസേനയും ഈ ശ്രേണിയിലെ മുങ്ങിക്കപ്പല്‍ നിര്‍മാണത്തിന് ഡിസിഎന്‍എസുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മലേഷ്യയും ചിലെയും സ്‌കോര്‍പീന്‍ ക്ലാസില്‍നിന്നു ഭിന്നമായ മുങ്ങിക്കപ്പലുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഈ സാങ്കേതിക വിദ്യയുപയോഗിച്ചു നിര്‍മിക്കുന്ന കപ്പലുകള്‍ 2018ല്‍ നീറ്റിലിറക്കാന്‍ ബ്രസീല്‍ തയാറെടുക്കുകയുമാണ്.
രഹസ്യ വിവരങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ, ഫ്രാന്‍സില്‍ നിന്നാണോ ചോര്‍ന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ഇന്ത്യയില്‍ നിന്നാകാം ചോര്‍ന്നതെന്ന് ഡിസിഎന്‍എസ് ആരോപിക്കുന്നു. എന്നാല്‍ 2011 ല്‍ ഡിസിഎന്‍എസില്‍ സബ്കോണ്‍ട്രാക്ടറായിരുന്ന മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാകാം വിവരങ്ങള്‍ ചോര്‍ത്തിയത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























