ഇന്ത്യയുടെ തന്ത്രപ്രധാന മുങ്ങിക്കപ്പല്‍ സ്‌കോര്‍പ്പീന്റെ രഹസ്യങ്ങള്‍ ചോര്‍ന്നു

രാജ്യത്തെ പ്രതിരോധ രംഗത്തിനു തിരിച്ചടിയായി സ്‌കോര്‍പീന്‍ അന്തര്‍വാഹിനി സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു. ഫ്രാന്‍സുമായി ചേര്‍ന്നു നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികളുടെ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പതിനായിരക്കണക്കിനു പേജുകള്‍ ചോര്‍ന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് അടിയന്തര അന്വേഷണത്തിനു കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. 23,000 കോടി രൂപയാണു സ്‌കോര്‍പീന്‍ പദ്ധതിയുടെ പ്രതീക്ഷിക്കപ്പെടുന്ന ചെലവ്.
സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ അന്തര്‍വാഹിനി 'കല്‍വരി'യുടെ കടലിലെ പരീക്ഷണങ്ങള്‍ ആരംഭിച്ചതു മേയിലാണ്. 2015 ഒക്ടോബറിലാണ് അന്തര്‍വാഹിനി ആദ്യമായി നീരണിഞ്ഞത്. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് കല്‍വരി. മുംബൈയിലെ മസ്ഗാവ് ഡോക്കിലാണു അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്.
ഫ്രഞ്ച് സ്ഥാപനമായ ഡിസിഎന്‍എസിന്റെ സഹകരണത്തോടെ ആറു സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ 2005ലാണ് ഒപ്പിട്ടത്. സ്‌കോര്‍പീനില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍, ടോര്‍പിഡോകള്‍, ആയുധങ്ങള്‍, കമ്യൂണിക്കേഷന്‍, നാവിഗേഷന്‍ സംവിധാനം തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ ചോര്‍ന്നതായാണു വിവരം. ദി ഓസ്‌ട്രേലിയന്‍ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചു 22,400 പേജുകളുള്ള വിവരങ്ങളാണു ചോര്‍ന്നത്.
ഓസ്‌ട്രേലിയന്‍ നാവികസേനയ്ക്കു വേണ്ടിയും ഡിസിഎന്‍എസ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. 12 അന്തര്‍വാഹിനികള്‍ രൂപകല്‍പ്പന ചെയ്യാനുള്ള കരാര്‍ ഇവര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ഇന്ത്യയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിക്കു ബന്ധമില്ലെന്നാണു വിവരം. മാത്രമല്ല രേഖ ചോര്‍ന്നതു ഫ്രാന്‍സില്‍ നിന്നല്ലെന്നും ഇന്ത്യയില്‍ നിന്നാണെന്നു സംശയിക്കുന്നുവെന്നുമാണു ഡിസിഎന്‍എസിന്റെ പക്ഷം. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നതു ഇന്ത്യയില്‍ നിന്നല്ലെന്നും രാജ്യത്തിനു പുറത്താണെന്നുമാണു പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്.
എന്തായാലും രേഖ ചോര്‍ന്നുവെന്ന വിവരം ശരിയാണെങ്കില്‍ രാജ്യത്തെ പ്രതിരോധ രംഗത്തിനുണ്ടാകുന്ന കനത്ത തിരിച്ചടിയാകുമത്. അന്തര്‍വാഹിനികള്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് അറിയാമെന്നതിനാല്‍ പദ്ധതി പാടെ ഉപേക്ഷിക്കേണ്ട അവസ്ഥ തന്നെ വന്നേക്കാം. അതിനാല്‍ തന്നെ ഏറെ ജാഗ്രതയോടെയാണു ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം പരിശോധിക്കുന്നത്.
2005ല്‍ ആണ് അന്തര്‍വാഹിനി നിര്‍മാണത്തിനു ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടത്. 2012 ഡിസംബറിലായിരുന്നു ആദ്യ സ്‌കോര്‍പീന്‍ പൂര്‍ത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോന്നു വീതം പുറത്തെത്തിക്കുകയുമായിരുന്നു ലക്ഷ്യം. പദ്ധതി ഇഴഞ്ഞതോടെ കഴിഞ്ഞ വര്‍ഷമാണ് ആദ്യത്തേത് നീറ്റിലിറങ്ങിയത്. 67 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുള്ള ഈ ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനിക്കു 1550 ടണ്‍ ഭാരമുണ്ട്.
https://www.facebook.com/Malayalivartha
























