തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 2.60 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി വിധിച്ചത്. തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണം. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തില്‍പ്പെട്ട കേസിലാണ് വിധി. ആലപ്പുഴ എം എ സി ട്രിബ്യൂണലാണ് വിധി പറഞ്ഞത്. 2023 നവംബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം.
വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എംഎസ്സി ഫിസിക്‌സ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരിനന്ദ. പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. തമിഴ്‌നാട് വാണിയമ്പാടി ചെട്ടിയപ്പനൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസിലേക്ക്, തമിഴ്‌നാട് കോര്‍പറേഷന്റെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസ് മറിഞ്ഞു.
അപകടത്തില്‍ രണ്ട് വാഹനങ്ങളിലുമായി നാല് പേര്‍ മരിക്കുകയും 16 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഗൗരിനന്ദയെ വെല്ലൂര്‍ മെഡിക്കല്‍ കോളജിലടക്കം എത്തിച്ച് ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴേക്ക് തളര്‍ന്ന് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. വാദിക്ക് വേണ്ടി അഭിഭാഷകരായ ജോസ് വൈ ജെയിംസ്, കെ പി ജോബി എന്നിവര്‍ കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha
























