മോദിക്ക് ഇന്ന് 66ാം പിറന്നാള്, ജന്മദിനം രാജ്യ സേവന ദിനമായി ആഘോഷിക്കാന് പാര്ട്ടി അണികള്ക്കു ബിജെപി നിര്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 66ാം പിറന്നാള്. മോദിയുടെ ജന്മദിനം രാജ്യ സേവന ദിനമായി ആഘോഷിക്കാന് പാര്ട്ടി അണികള്ക്കു ബിജെപി നേതൃത്വം നിര്ദേശം നല്കി.
ജന്മദിനത്തില് ഗുജറാത്തിലെ ഗാന്ധിനഗറിലെത്തുന്ന മോദി ആദ്യം അമ്മയെ സന്ദര്ശിക്കും. മോദിയുടെ ഇളയസഹോദരന് പങ്കജ് മോദിയോടൊപ്പമാണ് അമ്മയുടെ താമസം.
തുടര്ന്ന് ആദിവാസി ജില്ലയായ ദാഹോദ് സന്ദര്ശിക്കുന്ന പ്രധാനമന്ത്രി ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും നിര്വഹിക്കും. ഉച്ചയ്ക്കുശേഷം നവ്സരിയില് ഭിന്നശേഷിക്കാര്ക്കു സഹായം നല്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
1950 സെപ്റ്റംബര് 17 ന് ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗര് എന്ന ഒരു ഗ്രാമത്തില് പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് നരേന്ദ്രമോദി ജനിച്ചത്. ദാമോദര്ദാസ് മൂല്ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില് മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. നരേന്ദ്ര ദാമോദര്ദാസ് മോദി എന്നാണ് മുഴുവന് പേര്.
പിതാവിനെ ചായക്കച്ചവടത്തില് അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തില് സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു. മോദി വിവാഹിതനല്ല എന്നാണ് 2014 വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാല് 2014ലെ തിരഞ്ഞെടുപ്പില് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുമ്പോള് താന് വിവാഹിതനാണെന്നും, യെശോദാ ബെന് എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തില് പരാമര്ശിച്ചിരുന്നു. തന്റെ പതിനേഴാം വയസ്സില് യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങള്ക്കുള്ളില് തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു.
2014 മെയ് 26നാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
https://www.facebook.com/Malayalivartha

























