ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും

ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. അധികാരമേറ്റ് മൂന്നാംനാള്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെയൊഴികെ മറ്റെല്ലാവരുടേയും പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ അവകാശവാദം. പതിനൊന്നുമണിക്കാണ് വോട്ടെടുപ്പ്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പോയതോടെയാണ് ഗോവ വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങിയത്.
നാല്‍പതംഗ നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍വേണ്ടത് 21 അംഗങ്ങളുടെ പിന്തുണയാണ്. കോണ്‍ഗ്രസിന്റെ 17 എംഎല്‍എമാര്‍ ഒഴികെ ബാക്കിയെല്ലാവരും സര്‍ക്കാരിനൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 21പേരുടെ പിന്തുണ ഉറപ്പാക്കി സര്‍ക്കാരുണ്ടാക്കിയ ബിജെപിക്ക് ഭൂരിപക്ഷമുറപ്പാക്കേണ്ടത് അത്യാവശ്യവും. പതിമൂന്ന് എംഎല്‍എമാരുള്ള ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരുടെ മൂന്നംഗങ്ങള്‍വീതവും, രണ്ട് സ്വതന്ത്രര്‍മാരുമാണ് പിന്തുണയ്ക്കുന്നത്.
സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇരുപാര്‍ട്ടിയുടെ പ്രധാനനേതാക്കളും, രണ്ടുസ്വതന്ത്രരരും മന്ത്രിസഭയില്‍ അംഗങ്ങളായികഴിഞ്ഞു. അതിനാല്‍ വിശ്വാസവോട്ടില്‍ ബിജപിക്ക് ആശങ്കയില്ല. ഇതിനുപുറമേ, ഒരു എംഎല്‍എയുള്ള എന്‍സിപിയുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചേക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും പ്രതിപക്ഷത്തായ കോണ്‍ഗ്രസിന് ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണമാത്രമാണുള്ളത്. അതിനാല്‍, ബിജെപി പക്ഷത്തുള്ളവരുടെ മലക്കം മറിച്ചിലൊന്നും ഉണ്ടായില്ലെങ്കില്‍ 21എന്ന സംഖ്യയിലേക്ക് എത്തുക കോണ്‍ഗ്രസിന് അസാധ്യമാണ്. സഭയില്‍ വിശ്വാസമാര്‍ജിച്ചാല്‍ കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ പരീക്കര്‍ സര്‍ക്കാരിന് മുന്നോട്ടുപോകാനുമാകും.
https://www.facebook.com/Malayalivartha



























