ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി; 22 പേരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ചു

ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍, 40ല്‍ 22 പേരുടെ പിന്തുണ നേടിയാണ് മനോഹര്‍ പരീക്കര്‍ ഭരണം തുടരാനുള്ള വിശ്വാസം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാന്‍ സുപ്രീം കോടതി ബിജെപി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്.
മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ അനായാസം വിശ്വാസവോട്ടു നേടുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ശരിവച്ചാണ് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പു ഫലം പ്രഖ്യാപിച്ചത്. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി-17 സീറ്റ്. ബിജെപിക്ക് 13 എംഎല്‍എമാരാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിരുന്നു. മൂന്നു സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചു. ഇവരുള്‍പ്പെടെ 22 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയത്.
ഇതോടെ, മനോഹര്‍ പരീക്കര്‍ രണ്ടു ദിവസത്തേക്കു മാത്രം ഗോവയുടെ മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെയായി. അധികാരമേറ്റ് മൂന്നാംനാള്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെയൊഴികെ മറ്റെല്ലാവരുടേയും പിന്തുണയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അവകാശവാദം. ഇന്ന് വിശ്വാസ വോട്ടെടുപ്പിനുശേഷം പരിയുന്ന സഭ പിന്നീട് 23നു ചേരും. 24ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിന്റെ 'മനസ്സ്' ബജറ്റിലൂടെ വെളിവാകുമെന്നു പരീക്കര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























