താജ് മഹലിന് ഐഎസ് ഭീഷണി: ചരിത്ര സ്മാരകങ്ങളെ ഐഎസ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; രാജ്യത്ത് കനത്ത ജാഗ്രത

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐഎസ് അനുകൂല സംഘടനയായ അഹ്വാല്‍ ഉമ്മത്ത് മീഡിയ സെന്റര്‍ താജ്മഹലിനെ ലക്ഷ്യമിടുന്നെന്നാണ് വിവരം. രഹസ്യാന്വേഷണ ഗ്രൂപ്പായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്‌സ് ചിത്രവും ഉമ്മത് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. ടെലിഗ്രാം ആപ്ലിക്കേഷന്‍ ചാനലില്‍ നിന്നാണ് ചിത്രം ലഭിച്ചിരിക്കുന്നത്. കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാള്‍ താജ്മഹലിന് നേരെ തിരിഞ്ഞു നില്‍ക്കുന്നതും താജ്മഹലിന് താഴെ ന്യൂ ടാര്‍ജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമാണ് ചിത്രത്തില്‍ ഉള്ളത്. ചാവേര്‍ ആക്രമണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ 'Agra martyrdom-seeker' എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്. മാര്‍ച്ച് 14നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
മാര്‍ച്ച് എട്ടിന് ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നോയില്‍ ഭീകരവാദിയെന്ന് സംശയിക്കുന്ന സെയ്ഫുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശേഷം മറ്റൊരു ഐഎസ് അനുകൂല സംഘടനയും ഇന്ത്യ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യക്കാരായ എഴുപതിലേറെ പേര്‍ ഐഎസില്‍ ചേര്‍ന്നതായാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ഇതില്‍ 45 പേര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് പോയതാണ്. ബാക്കിയുള്ളവര്‍ വിദേശത്ത് താമസിക്കുന്നവരാണ്.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നതതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നു ഐഎസില്‍ ചേരാന്‍ പോയ 37 പേരെ ഇതുവരെ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയിട്ടുണ്ട്. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കഴിഞ്ഞ നവംബറില്‍ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























