കാണാതായ ഇന്ത്യയില്‍ നിന്നുള്ള മുസ്ലീം പുരോഹിതര്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലെന്ന് സൂചന

പാക്കിസ്ഥാനില്‍വച്ച് കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതര്‍ പാക്ക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് പേരു വെളിപ്പെടുത്താത്ത രഹസ്യകേന്ദ്രത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമിയെയും (80) അനന്തരവന്‍ നസീം നിസാമിയെയും (60) ആണ് ബുധനാഴ്ച കാണാതായത്. പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനുമായിരുന്നു ഇരുവരും പോയത്.
മാര്‍ച്ച് എട്ടിനാണ് ഇരുവരും കറാച്ചിയിലേക്കു പോയതെന്ന് സയ്യിദ് ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി അറിയിച്ചു. ഇവിടെനിന്നു ലഹോറില്‍ ബാബാ ഫരീദ് ദേവാലയത്തിലേക്ക് ഇരുവരും പോയി. മാര്‍ച്ച് 14-ന് ഇവര്‍ ലഹോറിലെ ഡേത്താ ദര്‍ബാര്‍ സൂഫി ദേവാലയത്തിലെത്തി. കറാച്ചിയിലേക്കു പോകാന്‍ 15-ന് വൈകുന്നേരം 4.30-ന് ഇരുവരും ലഹോര്‍ വിമാനത്താവളത്തിലെത്തി. ഇവിടെവച്ച്, ചില രേഖകളില്‍ വ്യക്തത വരുത്താനുണ്ടെന്ന് പറഞ്ഞ് നസീം നിസാമിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. സയ്യിദ് ആസിഫ് അലി നിസാമിനോട് യാത്ര തുടരാമെന്നും അറിയിച്ചു. പിന്നീട് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം, കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയശേഷമാണ് ഇരുവരെയും കാണാതായതെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. സംഭവം പാക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗൗരവമായി കാണുന്നുണ്ടെന്നും അവര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























