പ്രദ്യുമൻ ഠാക്കൂർ കേസിൽ കേന്ദ്രസർക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

റയാൻ ഇന്‍റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര, ഹരിയാന സർക്കാരുകൾക്കും സിബിഐക്കും സിബിഎസ്ഇക്കും സുപ്രീം കോടതി നോട്ടീസ്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേസിൽ നിരവധി പിഴവുകൾ സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അച്ഛൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
രാജ്യത്തെ മുഴുവൻ സ്കൂൾ കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് ആഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച് മറുപടി നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.കേസുമായി ബന്ധപ്പെട്ടു ഞായറാഴ്ച സ്കൂൾ മേധാവി ഫ്രാൻസീസ് തോമസ്, എച്ച്ആർ ജയസ് തോമസ് എന്നിവരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്തിരുന്നു. ഇന്ന് സ്കൂൾ പ്രിൻസിപ്പലിനെയും എതാനും ചില അധ്യാപകരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച സ്കൂളിലെ ശുചിമുറിയിൽ പ്രദ്യുമൻ ഠാക്കൂറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























