സുപ്രീം കോടതി ഗർഭഛിദ്രം അനുവദിച്ച പതിമൂന്നുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതിനൽകിയതിനു പിന്നാലെ പതിമൂന്നുകാരി ജൻമം നൽകിയ കുഞ്ഞ് മരണത്തിനു കീഴടങ്ങി. ബലാത്സംഗത്തിനിരയായി ഗർഭിണിയായ കൗമാരക്കാരിയാണ് ഏഴു മാസം വളർച്ചയെത്തിയ കുഞ്ഞിന് ജൻമം നൽകിയത്. എന്നാൽ പ്രസവത്തിനു 48 മണിക്കൂറുകൾക്കുശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച, മുംബൈയിലെ ജെജെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജൻമം നൽകിയത്. അവയവങ്ങൾ പൂർണവളർച്ചയെത്താത്ത, 1.8 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെങ്കിലും കഴിഞ്ഞദിവസം ആരോഗ്യനില വഷളായി. തിങ്കളാഴ്ച മരിക്കുകയും ചെയ്തു.
ഗർഭിണിയായ കൗമാരക്കാരിയുടെ 31 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റീസ് എസ്.എ.ബോധ്വെ, എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയും മാനസികനിലയും പരിഗണിച്ച് ഗർഭഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരമായിരുന്നു സുപ്രീം കോടതി നടപടി. ഇത്രയധികം വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുന്നത് ഇതാദ്യമാണ്. 20 ആഴ്ചയ്ക്കുമേൽ വളർച്ചയുള്ള ഗർഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്.
മാസങ്ങൾക്കു മുന്‍പ് പിതാവിന്റെ വ്യാപാര പങ്കാളിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടർന്ന്, ഓഗസ്റ്റിൽ പെണ്‍കുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























