അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശികലയെ പുറത്താക്കി

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്ത എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. അതേസമയം ജയലളിത നിയമിച്ച ഭാരവാഹികളെല്ലാം പദവികളില്‍ തുടരുമെന്ന് യോഗതീരുമാനം പ്രഖ്യാപിച്ച മന്ത്രി ആര്‍.ബി ഉദയകുമാര്‍ അറിയിച്ചു.
ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഉദയകുമാര്‍ പറഞ്ഞു. ജയലളിതയുടെ സ്മരണാര്‍ത്ഥം ജനറല്‍ സെക്രട്ടറി പദം താല്‍ക്കാലികമായി ഒഴിച്ചിടാനും തീരുമാനിച്ചു. പാര്‍ട്ടി ചിഹ്നമായ രണ്ടില വീണ്ടെടുക്കാനും യോഗം തീരുമാനിച്ചു. ടിടിവി ദിനകരന്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ലെന്നും മന്ത്രി ഉദയകുമാര്‍ പറഞ്ഞു.
പാര്‍ട്ടി ഭരണത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മറ്റിയില്‍ സെക്രട്ടറിയായി ഒ. പനീര്‍ശെല്‍വത്തെയും, ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെും തിരഞ്ഞെടുത്ത തീരുമാനത്തിനും യോഗം അംഗീകാരം നല്‍കി. രാവിലെ 10.30 ഓടെ ആരംഭിച്ച അണ്ണാഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 90 ശതമാനത്തിലേറെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തതായി നേതാക്കള്‍ അറിയിച്ചു. 2136 പേരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























