പണത്തിന്റെ മുമ്പില്‍ അംബാനിമാര്‍ക്ക് പിണക്കമില്ല, 4 ജി കൈവിട്ടു പോകാതിരിക്കാന്‍ 1200 കോടിയുടെ കരാറുമായി അംബാനിമാര്‍
അംബാനി സഹോദരന്‍മാര്‍ നീണ്ടകാലത്തെ ശത്രുത മാറ്റിവെച്ച് അടുക്കുന്നു. ഇരുവരുടേയും കമ്പനികള്‍ തമ്മില്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണ് ബിസിനസ് ലോകത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ട് പുറത്തു വന്നിരിക്കുന്നത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ടെലികോം വിഭാഗം 4 ജി സേവനം ആരംഭിക്കാനായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി 1200 കോടിയുടെ കരാറിലെത്തി. സ്വത്ത് ഭാഗംവെച്ച് പിരിഞ്ഞതിനുശേഷം ആദ്യമായാണ് അംബാനി സഹോദരന്‍മാര്‍ ബിസിനസില്‍ ഒന്നിക്കുന്നത്. കരാര്‍ അനുസരിച്ച് മുകേഷിന്റെ ടെലികോം കമ്പനി 4ജി സേവനം തുടങ്ങാന്‍ സഹോദരന്‍ അനിലിന്റെ കമ്പനിയുടെ ഫൈബര്‍ ഒപ്‌റ്റിക് ശൃംഖല പ്രയോജനപ്പെടുത്തും. രാജ്യത്ത് 4ജി സേവനത്തിനായി മുകേഷിന്റെ കമ്പനിക്ക് മാത്രമാണ് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരേയും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
നിലവില്‍ വന്‍ കടബാധ്യത നേരിടുന്ന അനില്‍ ധീരുഭായിയുടെ ടെലികോം വിഭാഗത്തിന് വളരെയധികം ആശ്വാസം നല്‍കുന്നതാണ് മുകേഷിന്റെ കമ്പനിയുമായി ഉണ്ടാക്കിയ പുതിയ കരാര്‍. തങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ പോകുന്ന വിപുലമായ ബിസിനസ് സഹകരണത്തിന്റെ ആദ്യപടിയാണ് ഇതെന്ന് ഇരു കമ്പനികളും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കരാറിനെ തുടര്‍ന്ന് ഇരുകമ്പനികളുടേയും ഓഹരി വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha