പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ. പനീര്‍ശെല്‍വം സ്ഥാനമേറ്റു. ഗവര്‍ണര്‍ കെ. റോസയ്യ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. അണ്ണാ ഡിഎംകെ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ജയിലിലാക്കപ്പെട്ടതോടെയാണ് നിലവില്‍ ധനമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഇന്നലെ ജയലളിതയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന നിയമസഭാകക്ഷി യോഗമാണ് അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞടുത്തത്്. 2001ല്‍ ഝാന്‍സി ഭൂമിയിടപാടു കേസില്‍ അറസ്റ്റിലായി രാജിവയ്‌ക്കേണ്ടിവന്നപ്പോഴും ജയലളിത പനീര്‍ശെല്‍വത്തെയാണു പിന്‍ഗാമിയായി നിയോഗിച്ചത്.
അന്ന് 2001 സെപ്റ്റംബര്‍ മുതല്‍ 2002 മാര്‍ച്ച് വെരയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. കുറ്റവിമുക്തയായി തിരിച്ചെത്തിയ ജയയ്ക്കുവേണ്ടി സ്ഥാനമൊഴിഞ്ഞുകൊടുത്ത അദ്ദേഹം പിന്നീടു ജയയ്ക്കു കീഴില്‍ മന്ത്രിയായി. ഇത്തവണ ബോഡിനായ്ക്കന്നൂരില്‍ നിന്നു നിയമസഭയിലെത്തിയ പനീര്‍ശെല്‍വത്തെ മന്ത്രിസഭയിലെ രണ്ടാമനാക്കി ധനവകുപ്പു നല്‍കിയാണ് ജയലളിത പരിഗണിച്ചത്.
നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തയുടന്‍ ഭവനമന്ത്രി ആര്‍. വൈദ്യലിംഗം, ഊര്‍ജ മന്ത്രി നാദം വിശ്വനാഥന്‍, ഹൈവേ മന്ത്രി ഇടപ്പാടി പളനിസ്വാമി എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ പനീര്‍ശെല്‍വം ഗവര്‍ണര്‍ കെ. റോസയ്യയെ കണ്ട് ഇക്കാര്യമറിയിച്ചു. വൈകുന്നേരത്തോടെ റോസയ്യ, പനീര്‍ശെല്‍വത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു.
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 18 മാസം മാത്രം ശേഷിക്കെ ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് അറുപത്തിരണ്ടുകാരന്‍ പനീര്‍ശെല്‍വത്തിന്. നാലു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ജയയ്ക്കു മേല്‍ക്കോടതിയില്‍ നിന്നു മോചനം കിട്ടുന്നില്ലെങ്കില്‍ പത്തുവര്‍ഷം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു മാറി നില്‍ക്കേണ്ടിവരും. അതുവരെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതലയാകും ശെല്‍വത്തിന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























