ഓപറേഷനല്‍ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും ഓവര്‍ടൈം അലവന്‍സ് നിര്‍ത്തലാക്കാന്‍ തീരുമാനം

ഓപറേഷനല്‍ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അധികസമയ വേതനം (ഓവര്‍ടൈം അലവന്‍സ്) നിര്‍ത്തലാക്കാന്‍ തീരുമാനം. ഏഴാം കേന്ദ്ര ശമ്പള കമീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഓപറേഷനല്‍ ജീവനക്കാര്‍ക്കും വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കും മാത്രമായി ഒ.ടി വേതനം നിജപ്പെടുത്തും. മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.
ഓഫിസുകളുടെയും മറ്റും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് പങ്കുവഹിക്കുന്നവരെയാണ് ഓപറേഷനല്‍ ജീവനക്കാരുടെ ഗണത്തില്‍പെടുത്തിയിരിക്കുന്നത്. ഇത്തരം ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധികസമയ വേതനം ബയോമെട്രിക് പഞ്ചിങ് ഉപകരണവുമായി ബന്ധപ്പെടുത്തിയാണ് തീരുമാനിക്കുക. '91ലെ ഉത്തരവനുസരിച്ച് നിലവില്‍ നല്‍കുന്ന വേതനം പരിഷ്‌കരിക്കില്ല. അടിയന്തരാവശ്യങ്ങള്‍ക്ക് അധിക സമയം ജോലിചെയ്‌തെന്ന് മേലുദ്യോഗസ്ഥര്‍ രേഖാമൂലം സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ അധിക വേതനം അനുവദിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha