കശ്മീർ പത്രപ്രവര്‍ത്തകന്റെ കൊലപാതകികളെ പൊലീസ് തിരിച്ചറിഞ്ഞു ; കൊലപാതക സംഘത്തിലെ ഒരാൾ പാക്കിസ്ഥാൻ വംശജനെന്ന് പൊലീസ്

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഖാരിയെ വെടിവെച്ചു കൊന്ന കേസില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞുവെന്ന് ജമ്മു കശ്മീര്‍ പോലീസ്.
കശ്മീരിലുള്ള രണ്ട് പേരും പാകിസ്താന്‍ വംശജനായ മറ്റൊരാളുമാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറഞ്ഞു. ജൂണ്‍ 14-ന് ആയിരുന്നു കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെച്ചത്. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരായ മറ്റ് രണ്ട് പേരും കൊല്ലപ്പട്ടിരുന്നു.
ശ്രീനഗര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. നവീദ് ജട്ട് എന്ന പാക് സ്വദേശി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.ബുഖാരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha