2026ല്‍ ആര് കേരളം ഭരിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റം; ഭയത്തോടെ സിപിഎമ്മും കോണ്‍ഗ്രസും; പത്തുകൊല്ലമായി അധികാരത്തില്‍ നിന്ന് അകന്ന് കഴിയുന്ന കോണ്‍ഗ്രസിനും ലീഗിനും ഇത് അവസാന അവസരം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റം സിപിഎമ്മിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും ഭയപ്പെടുത്തുന്നു. 2026ല്‍ ആര് കേരളം ഭരിക്കും, അതാരാണെന്ന് തീരുമാനിക്കാനുള്ള കരുത്ത് ബിജെപി നേടിക്കഴിഞ്ഞെന്നാണ് പലരും വിലയിരുത്തുന്നത്. കണക്കുകളില്‍ അത്രയും വരില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. പത്തുകൊല്ലമായി അധികാരത്തില്‍ നിന്ന് അകന്ന് കഴിയുന്ന കോണ്‍ഗ്രസിനും ലീഗിനും ഇത് അവസാന ചാന്‍സാണ്. ഇതില്‍ രക്ഷപെട്ടില്ലെങ്കില്‍ പിന്നെ എല്ലാം തകര്‍ന്നു. ലീഗിനെ കൂടെ കൂട്ടി യുഡിഎഫിനെ തകര്‍ത്ത ശേഷം ആജീവനാന്തം കേരളം ഭരിക്കാമെന്ന സിപിഎമ്മിന്റെ അതിമോഹത്തിനൂടെയാണ് ജനം ഇത്തവണ മറുപടി കൊടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ ഇടതുപക്ഷത്ത് നിന്ന് ബിജെപി പാളയത്തിലേക്ക് അടുക്കുന്നതില്‍ സിപിഎം വല്ലാതെ ഭയക്കുന്നു. ന്യൂനപക്ഷപ്രീണനം കൊണ്ട് യാതൊരു പ്രയോജനവും ഇത്തവണ സിപിഎമ്മിനുണ്ടായില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരിക്കും ജനം നല്‍കുക. അതുകൊണ്ട് എങ്ങനെ തെറ്റ്തിരുത്തി മുന്നോട്ട് പോകണം എന്ന ആശങ്കയിലാണ് സിപിഎം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ഒന്നാമതെത്തിയത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, അടൂര്‍, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതുമെത്തി. ഇതൊന്നും ബിജെപിയോ, സിപിഎമ്മോ, കോണ്‍ഗ്രസോ ഒന്നും കാര്യമായെടുത്തില്ല. ശബരിമല സമരത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അന്ന്. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തി. പത്ത് സീറ്റുകളില്‍ 5000 വോട്ടിന്റെ കുറവില്‍ രണ്ടാമതെത്തി. അതുകൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്തകുതിരയാകുമെന്ന് പലരും കരുതുന്നു. അങ്ങനെയെങ്കില്‍ 30 നിയമസഭാ സീറ്റുകളില്‍ ത്രികോണമത്സരമായിരിക്കും നടക്കാന്‍ പോകുന്നത്. അതില്‍ പതിനഞ്ചിടത്തെങ്കിലും അവര്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.
മുന്നണി സംവിധാനത്തില്‍ അത് നിര്‍ണായക ഘടകമാണ്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ സിപിഎമ്മിന് കഴിയുമെന്ന് തോന്നുന്നില്ല. അതിനാണവര്‍ മുസ്ലിം സമുദായത്തെ കൂടെ നിര്‍ത്തി ഭരണംപിടിക്കാന്‍ നോക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് ബിജെപിയെ അകറ്റാനാണ് ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവരെല്ലാം സിപിഎമ്മിനൊപ്പം നില്‍ക്കും എന്നാണ് പിണറായി വിജയനിപ്പോഴും കിനാവ് കാണുന്നത്. അത് എത്രത്തോളം സാധ്യമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകള്‍ സിപിഎമ്മിനെതിരെ തിരിഞ്ഞു കഴിഞ്ഞു.
കോണ്‍ഗ്രസ് ശക്തമായതിനാല്‍ ലീഗ് മുന്നണി വിടുന്ന പരിപാടി ഉപേക്ഷിച്ചു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ യുഡിഎഫിന് പരോക്ഷപിന്തുണ നല്‍കുന്നു. ആ നിലയ്ക്ക് ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുക പ്രയാസമാണ്. ഈഴവരും ദളിതരും മറ്റ് പിന്നോക്കക്കാരും അടങ്ങുന്ന ഭൂരിപക്ഷത്തെ കൂടെ നിര്‍ത്തുകയാണ് മുന്നിലുള്ള വഴി. അതിന് ജാതി സെന്‍സസ് അടക്കം നടത്തേണ്ടിവരും. എന്‍എസ്എസ് മൂന്ന് മുന്നണികളില്‍ നിന്നും സ്വല്പം അകല്‍ച്ചയിലാണ്. കോണ്‍ഗ്രസ് നേതാക്കളുമായി കുറച്ചെങ്കിലും അടുപ്പമുണ്ട്.
അതുകൊണ്ടാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച ജാതി സെന്‍സസ് കെപിസിസി വിഴുങ്ങിയിരിക്കുന്നത്. ജാതി സെന്‍സസ് നടത്തുകയാണെങ്കില്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ട് ലഭിക്കും. ആ വഴിക്ക് സിപിഎം നീങ്ങാനുള്ള സാധ്യതയുണ്ട്. കോണ്‍ഗ്രസിന് അതിനുള്ള ശക്തിയില്ല. അങ്ങനെയെങ്കില്‍ സിപിഎം മൂന്നാമതും അധികാരത്തിലെത്തുകയും കോണ്‍ഗ്രസും ബിജെപിയും പ്രതിപക്ഷത്ത് ഇരിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. ക്രൈസ്തവ സഭകളില്‍ ഒരുവിഭാഗം ബിജെപിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. അധികാരത്തിനൊപ്പം നിന്നാലേ ഗുണമുണ്ടാകൂ എന്ന് പണ്ട്മുതലേ തെളിയിച്ചിട്ടുള്ളവരാണ് അവര്‍.
അതുകൊണ്ട് നിലവില സാഹചര്യത്തില്‍ നിയമസഭാ ഇലക്ഷന് അവര്‍ കോണ്‍ഗ്രസിനൊപ്പമായിരിക്കും നില്‍ക്കാന്‍ സാധ്യത. ബിഷപ്പിനെ വിവരദോഷി എന്ന് പിണറായി വിളിച്ചത് മൊത്തത്തില്‍ അവമതിപ്പുളവാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇരുമുന്നണികള്‍ക്കും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ബിജെപിക്കാകട്ടെ കരുത്ത് കാട്ടാനുള്ള സുവര്‍ണാവസരവും. ഹിന്ദുക്കളും ക്രൈസ്തവരുമാണ് ബിജെപിയുടെ ശക്തി. കോണ്‍ഗ്രസിനൊപ്പം മുസ്ലിംങളും കുറച്ച് സഭകളും ഒരുപറ്റം ഹിന്ദുക്കളും സിപിഎമ്മിനൊപ്പം പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ഈഴവരും ദളിതരും കുറച്ച് നായര്‍ സമുദായങ്ങളും മാത്രമാണുള്ളത്.
ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുത്താല്‍ ഉള്ള ഹിന്ദുവോട്ട് കൂടി ചോരും. അങ്ങനെ വല്ലാത്ത പ്രതിസന്ധിയാണ് സിപിഎമ്മിനെ അലട്ടുന്നത്. ഈഴവ സമുദായത്തിന് പ്രാതിനിത്യം കൊടുത്താല്‍ സിപിഎമ്മിനത് ഗുണം ചെയ്യും. എന്നാല്‍ എസ്എന്‍ഡിപി നേതൃത്വം ബിജെപിയുമായി അടുപ്പത്തിലായത് എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാരിലും കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ഏക പോംവഴി. അതുണ്ടായാല്‍ സിപിഎമ്മിന് ഗുണമാകും. ദളിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും കയ്യിലെടുക്കാനുള്ള തന്ത്രങ്ങളും സിപി.എം ആവിഷ്‌ക്കരിക്കാതിരിക്കില്ല.
കേരളത്തിന് പുറത്ത് സ്വീകരിക്കുന്ന തീവ്രഹിന്ദുത്വം ബിജെപി തല്‍ക്കാലം ഉപേക്ഷിച്ചാണ് ഇവിടെ ജനങ്ങളെ സമീപിക്കുന്നത്. ക്രൈസ്തവരെ കൂടെ നിര്‍ത്തണമെങ്കിലും ആ സമീപനം വേണം. അത് പാളിയാല്‍ എല്ലാം തവിടുപൊടിപോലാകും. ശക്തമായ നേതൃത്വം ഇല്ല എന്നതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്രൂപ്പ് പോരിന്റെ അയ്യരുകളിയാണ്. അത് അവസാനിപ്പിച്ച് മുന്നോട്ട് പോകാന്‍ പറ്റുന്നൊരു നേതൃത്വം വേണം. കെ.സുരേന്ദ്രന് വയനാട് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. സുരേഷ് ഗോപിയേയോ, ശോഭാ സുരേന്ദ്രനേയോ സംസ്ഥാന നേതൃതലത്തിലേക്ക് കൊണ്ടുവരുകയാണെങ്കില്‍ അത് വലിയ മാറ്റാമാക്കും സൃഷ്ടിക്കുക. അതിന് ദേശീയ നേതൃത്വം തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha