ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും സിപിഎമ്മും സര്‍ക്കാരും വഴങ്ങിയെന്ന് പ്രതിപക്ഷ ആരോപണം; ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് നൽകുന്ന സൂചന ആരോപണം ശരിയായിരുന്നെന്ന്; സിപിഎം വീണ്ടും കളി തുടങ്ങി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും സിപിഎമ്മും സര്‍ക്കാരും വഴങ്ങിയെന്ന് പ്രതിപക്ഷ ആരോപണം ശരിയായിരുന്നെന്ന് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ് സൂചന നല്‍കുന്നു. പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെയും മൊഴിയെടുക്കാനായി കെകെ രമയെ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്ത് അന്തരീക്ഷം തണുപ്പിച്ച സിപിഎം വീണ്ടും കളി തുടങ്ങിയിരിക്കുകയാണ്. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കം പുറത്തായതില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ജയില്‍ വകുപ്പിന്റെ കത്ത് അടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ ഉത്തരവില്‍ പറയുന്നത്. പൊലീസും ജയില്‍ വകുപ്പും ഇത് സംബന്ധിച്ച് പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷായിളവ് പട്ടികയും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ചോര്‍ന്നത് എവിടെ നിന്നാണെന്നാണ് അന്വേഷിക്കുന്നത്.
ജയില്‍ വകുപ്പില്‍ നിന്നാണോ എന്ന് ജയില്‍ ഡിഐജി അന്വേഷിക്കും. പൊലീസില്‍ നിന്നാണോ എന്ന് കണ്ണൂര്‍ ഡിഐജി അന്വേഷിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാര്‍ പരമാവധി നാറിയതിനെ തുടര്‍ന്നാണ് നാറ്റിച്ചവനെ പിടിക്കാന്‍ അന്വേഷണം നടത്തുന്നത്. ടിപി വധക്കേസിലെ പ്രതികളെ ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയതിന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യ്തത്.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമാണ് നടന്നത്. ഇതിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചവര്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടന്നത്. ആഭ്യന്തരവകുപ്പ് അറിയാതെ, ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു നീക്കം നടത്തില്ല.
എന്നിട്ടും തങ്ങളൊന്നും അറിഞ്ഞില്ലെന്ന് സര്‍ക്കാര്‍ കണ്ണടച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പട്ടികയിലുള്ള 59 പേരുടെ പേരുകളും കത്തിലുണ്ടായിരുന്നു. ഈ കത്ത് എങ്ങനെയോ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതോടെയാണ് പിണറായിയും കൂട്ടരും വെട്ടിലായത്. വെട്ടിലാക്കിയവരെ ഒരു മാസത്തിനകം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചതിനെതിരെ ടിപിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ നല്‍കിയ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ട്രൗസര്‍ മനോജിനെ അടക്കം വിട്ടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതുപ്രകാരം പ്രതിയെ വി്ട്ടയ്ക്കുന്നതിലുള്ള അഭിപ്രായം ആരായാന്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കെകെ രമയുടെ മൊഴി എടുക്കാന്‍ വിളിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. ജൂണ്‍ മൂന്നിന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി് ഉത്തരവ് പുറപ്പെടുവിച്ചത് അനുസരിച്ച്, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചെന്നാണ് മുഖ്യമന്ത്രിക്ക് വേണ്ടി എക്സൈസ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ മറുപടി നല്‍കിയത്.
ജൂണ്‍ മൂന്നിന് ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു. ആറിനാണ് പെരുമാറ്റച്ചട്ടം അവസാനിച്ചത്. അപ്പോള്‍ മൂന്നാംതീയതി തിടുക്കപ്പെട്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് എങ്ങനെ പറയാനാകും? ആ ചോദ്യത്തിന് മറുപടി പറയാന്‍ ഭരണകക്ഷിക്കായില്ല. കെ.കെ രമയ്ക്ക് മറുപടി പറയാനുള്ള ശക്തിയില്ലാതെ, ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി അന്ന് ഡല്‍ഹിക്ക് പറന്നിരുന്നു.
അടിയന്തര പ്രമേത്തിന് പകരം സബ്മിഷന്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കി. അതിന് മറുപടി നല്‍കിയ എം.ബി രാജേഷ് പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി. പിന്നെ എന്തിനാണ് കെ.കെ രമയുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് എടുത്തത്. സര്‍ക്കാര്‍ ഇളവ് നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൊഴി എടുത്തത്. ഇതിനൊന്നും മന്ത്രിക്ക് മറുപടിയില്ലായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കാന്‍ സ്പീക്കര്‍ പ്രത്യേക താല്‍പര്യം എടുത്തത് അദ്ദേഹത്തിന്റെ കൂടെ മുഖം രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.
കാരണം ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ആശംസയര്‍പ്പിച്ച് എംഎല്‍എയായിരുന്ന എഎന്‍ ഷംസീര്‍ പോയിരുന്നു. 2017ലായിരുന്നു സംഭവം. അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് വന്നാല്‍ ഇതെല്ലാം പ്രതിപക്ഷം കുത്തിപ്പൊക്കൊണ്ട് വരുമെന്ന് സ്പീക്കറിന് ഭയമുണ്ട്. അങ്ങനെയെങ്കില്‍ സ്പീക്കര്‍ക്ക് കൊലക്കേസ് പ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന ചര്‍ച്ച വരും. അതൊക്കെ വലിയ നാണക്കേടായി മാറും. ഇതെല്ലാം മുന്നില്‍ കണ്ടാ് സ്പീക്കര്‍ സര്‍ക്കാരിന്റെയും തന്റെയും തടിരക്ഷിക്കാന്‍ വക്കാലത്തുമായി ഇറങ്ങിയത്.
സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരത്തിലൊരു പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു. ആഭ്യന്തരവകുപ്പിനെ മറികടന്ന് അങ്ങനെ ഉദ്യോഗസ്ഥര്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതായിരിക്കും നല്ലത്. ഭരിക്കുന്ന മന്ത്രിക്ക് കഴിവില്ലാത്തത് കൊണ്ടാണല്ലോ ഉദ്യോഗസ്ഥര്‍ കേറി മേയുന്നത്. ഇത്തരത്തില്‍ സിപിഎം ഉന്നയിക്കുന്ന എല്ലാ വാദങ്ങളുടെയും മുനയൊടിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് അടക്കമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുമ്പോഴാണ് പുതിയ വിവാദം ഉടലെടുത്തത്.
അതിന് പിന്നാലെയാണ് കത്ത് ചോര്‍ന്നത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. ചോര്‍ത്തിയവനെതിരെ നടപടിയെടുത്താല്‍ അത് അതിനേക്കാള്‍ വലിയ പുലിവാലാകുമെന്ന ബോധം ആഭ്യന്തരവകുപ്പിലെ യേമാന്‍മാര്‍ക്ക് ഇല്ലാതെ പോയി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷനേതാവിനെ ക്ഷണിക്കാതെ സര്‍ക്കാര്‍, വിഡി സതീശന് നല്ല മൈലേജ് ഉണ്ടാക്കി കൊടുക്കു. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം കരാറൊപ്പിട്ട ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അതോടെ മണ്‍മറഞ്ഞ് ഒരു കൊല്ലം പിന്നിടുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത വീണ്ടും വര്‍ദ്ധിപ്പിച്ചു. ഏതാണ് തള്ളേണ്ടത് എന്തിനെയാണ് കൊള്ളേണ്ടത് എന്ന് മനസ്സിലാക്കാന്‍ അധികാരം മാത്രം പോരാ ജനങ്ങളുടെ പള്‍സ് കൂടി അറിയണം. അതിന് വലിയ ബുദ്ധിയൊന്നും വേണ്ട, കോമണ്‍സെന്‍സ് മതി.
https://www.facebook.com/Malayalivartha