മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്.
ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ആണെന്ന് പറയുന്നത് വിഡി സതീശന്റെ ജല്പനമാണ്. ഈ കേസിൽ എവിടെയാണ് ബിജെപി- സിപിഎം ഡീൽ എന്ന് പറയാൻ വിഡി സതീശൻ തയ്യാറാവണം. മാസപ്പടി വാങ്ങിയ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെ കുറിച്ചുള്ള നിലപാട് എന്താണെന്ന് സതീശൻ വ്യക്തമാക്കണം. മാസപ്പടി കേസിൽ കാലതാമസമുണ്ടായെന്നാണ് മറ്റൊരു ആരോപണം. ഈ കേസിൽ എങ്ങനെയാണ് കാലാ താമസമുണ്ടായതെന്ന് സതീശൻ പറയുന്നില്ല.
കേസ് തടസ്സപ്പെടുത്താൻ മൂന്ന് പ്രധാനപ്പെട്ട കോടതികളിലാണ് തടസ്സവാദവുമായി പ്രതികൾ എത്തിയത്. മാസപ്പടി കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താൻ സിഎം ആര്‍എല്ലും കെഎസ്ഐഡിസിയും കരിമണൽ കർത്തയും തടസവാദവുമായി എത്തി. അന്ന് അതിൽ കക്ഷി ചേരാൻ കോൺഗ്രസ് - യുഡിഎഫ് നേതാക്കൾ തയ്യാറായില്ല. ബാംഗ്ലൂർ ഹൈക്കോടതിയിലും ദില്ലി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലുമെല്ലാം മുഖ്യമന്ത്രിയുടെ മകളും കെഎസ്ഐഡിസിയും സിഎംആർഎല്ലും തടസവാദവുമായി പോയി എല്ലാ നൂലാമാലകളും മറികടന്നാണ് കേന്ദ്ര ഏജൻസി അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു
https://www.facebook.com/Malayalivartha