അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായി വിജയന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതനാകും; ഒപ്പം സിപിഎം പ്രസ്ഥാനം കേരളത്തില്‍ പിളരും; പാര്‍ട്ടി എരിയ സമ്മേളനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിഭാഗീയത പിണറായി വിജയനെതിരെയുള്ള പടയൊരുക്കം

അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസോടെ പിണറായി വിജയന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതനാകും. ഒപ്പം സിപിഎം പ്രസ്ഥാനം കേരളത്തില്‍ പിളരും. പാര്‍ട്ടി എരിയ സമ്മേളനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിഭാഗീയത പിണറായി വിജയനെതിരെയുള്ള പടയൊരുക്കമാണ്. അഹങ്കാരവും അഹന്തയും നിറഞ്ഞ പിണറായി വിജയനെതിരെ പാര്‍ട്ടി അണികളില്‍ ഉറഞ്ഞുതുള്ളുന്ന അമര്‍ഷത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അലയടിക്കുന്നത്. പി.ജയരാന്‍, തോമസ് ഐസക്, സുധാകരന്‍, സുരേഷ് കുറുപ്പ് ഉള്‍പ്പെടെ ഒരു നിര നേതാക്കളുടെ നേതൃത്വത്തില്‍ പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത വര്‍ഷം കേരളത്തില്‍ രൂപംകൊള്ളുമെന്ന് തീര്‍ച്ചയാണ്.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പിണറായി രാജിക്ക് തയാറായാല്‍ പകരം മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയായി വാഴിക്കാനുള്ള നീക്കത്തിലും സഖാക്കള്‍ ശക്തമായ പ്രതിഷേധത്തിലാണ്. അഹങ്കാരത്തിന് കൈയും കാലും വച്ച എം.വി. ഗോവിന്ദനെ പാര്‍ട്ടിയിലെ ഏകാധിപതിയായ പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്തിച്ചതുതന്നെ റിയാസിന് അനുകൂലമായ കളം പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുക്കാനാണ്. കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാര്‍ എന്ന കുപ്രസിദ്ധി രണ്ടാം പിണറായി സര്‍ക്കാരിനുള്ളതാണെന്നാണ് ഏരിയ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.
ഭരണത്തെക്കാള്‍ പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ എതിര്‍പ്പും അമര്‍ഷവും ഉയര്‍ന്നിരിക്കുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയോടാണ്. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയന്‍ പങ്കെടുത്ത സമ്മേശനങ്ങളില്‍ സഖാക്കളുടെ ജനപങ്കാളിത്തം ഇല്ലാതെ പോയത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ചര്‍ച്ചയായതാണ്. സംസ്ഥാനത്തെ എട്ടു ജില്ലകളിലായി നടന്ന 26 ഏരിയാ സമ്മേളനങ്ങളില്‍ പൊട്ടിത്തെറിയും കൂക്കുവിളിയും ഉയരാനുള്ള അടിസ്ഥാന കാരണം ഭരണവിരുദ്ധ വികാരവും നേതാക്കളുടെ അഹന്തയുമാണ്.
വിഭാഗീയത എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും സമ്മേളനങ്ങളിലെ ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നത് പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മതിപ്പില്ലെന്നും കഴിവുകെട്ട ഒരു നിര മന്ത്രിമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടെ സി.പി.എമ്മിന് കനത്ത ഭാരമാവുകയാണ് പരക്കെ പൊട്ടിപ്പുറപ്പെടുന്ന വിഭാഗീയ സംഭവങ്ങള്‍. ഇവയില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരത്തെ മംഗലപുരത്ത് അരങ്ങേറിയത്. മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരി രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. നേരത്തേ, പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയില്‍ പാര്‍ട്ടി വിമതര്‍ കണ്‍വെന്‍ഷന്‍ നടത്തുകയും സമാന്തരമായി പാര്‍ട്ടി ഓഫീസ് തുറക്കുകയും ചെയ്തു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ നീക്കം ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയില്‍ കടുത്ത ആശങ്കയിലാണ് സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികള്‍ അലങ്കോലമാക്കും വിധം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ കടുത്ത നടപടിയാണ് വരാനിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തര്‍ക്കങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിലയിരുത്തല്‍. മുന്‍കാലങ്ങളിലേതുപോലെ വെട്ടിനിരത്തല്‍ പ്രായോഗികമാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കടുത്ത വെട്ടിനിരത്തിലുണ്ടായാല്‍ സംസ്ഥാനത്തെ നൂറിലേറെ ഏരിയാ കമ്മിറ്റികള്‍ പിളരുകയോ കൂട്ടരാജിയുണ്ടാവുകയോ ചെയ്യും.
എന്നാല്‍, അച്ചടക്ക നടപടിയിലേക്ക് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കടക്കില്ലെന്നു തീര്‍ച്ചയാണ്. എന്നാല്‍ പിണറായി വിജയനെയും റിയാസിനെയും പരസ്യമായി വിമര്‍ശിക്കുന്ന എല്ലാ സഖാക്കളെയും ഭാരവാഹികളെയും വെട്ടിനിരത്തുമെന്ന് തീര്‍ച്ചയാണ്. നിലവില്‍ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടക്കട്ടെയെന്നും അതിനും ശേഷമാകാം നടപടി എന്നുമാണ് നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന സമ്മേളം നടക്കാനിരിക്കുന്ന കൊല്ലം കരുനാഗപ്പള്ളിയിലും നിലവിലുള്ള സംഘടനാ പ്രശ്‌നങ്ങളില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് തന്നെ നീക്കമുണ്ടെന്നാണ് വിവരം പുറത്തുവരുന്നത്.
സമീപകാലത്തെ പൊട്ടിത്തെറികളൊന്നും ആദര്‍ശപരമോ, പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളുടെ പേരിലല്ല മറിച്ച് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെയാണ്. എല്ലാക്കാലത്തും അടിമകളായിരിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് പലയിടങ്ങളിലും സഖാക്കള്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നു. ദശകങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയി തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിക്കുന്നത് ഞെട്ടിക്കുന്ന സംവവങ്ങളാണ്.
കരുനാഗപ്പള്ളിയില്‍ സമ്മേളനവേദിയില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു, ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുവല്ലയിലും കരുനാഗപ്പള്ളിയിലും പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ടിടപെടേണ്ടി വന്നു. ലോക്കല്‍ കമ്മിറ്റി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സംസ്ഥാനസെക്രട്ടറി നേരിട്ടു വരുന്നത് സി.പി.എമ്മില്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനത്തിന്റെ അവലോകനം നടക്കുന്ന സമയത്ത് പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകളെ കുറിച്ച് ശക്തമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെപ്പോലും തുറന്ന വിമര്‍ശനങ്ങളുണ്ടായി.
https://www.facebook.com/Malayalivartha