ആ വിളി വരില്ല... അവസാനം നെഞ്ച് കത്തുന്ന ആ വാര്‍ത്തയറിഞ്ഞു; ദുബായിലുള്ളത് മകളുടെ മൃതദേഹം തന്നെ

തന്റെ മകളുടെ ഒരു ഫോണ്‍ വിളിക്കായി ആ കുടുംബം വര്‍ഷങ്ങളോളം കാത്തിരുന്നു. അവാസം ആ യാഥാര്‍ത്ഥ്യം മനസിലായി. തങ്ങളുടെ പൊന്നു മകള്‍ സ്മിത ഇനി മടങ്ങി വരില്ല. അവസാനം മകളുടെ വിവരങ്ങള്‍ അന്വേഷിച്ച് അവര്‍ ദുബായിലെത്തിയപ്പോഴാണ് ആ നെഞ്ചു കത്തുന്ന വാര്‍ത്തയറിഞ്ഞത്. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയിലുടനീളം ഫാന്‍സിയുടെ മനംനൊന്ത പ്രാര്‍ഥന ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം തങ്ങളുടെ പൊന്നുമകളുടേതാകരുതേ എന്നായിരുന്നു.
കൂടെയുള്ള ഇളയമകളുടെ കൈകള്‍ കൂട്ടിപ്പിടിച്ച് വിമാനത്തിലിരുന്നും അവര്‍ കരളുരുകി ഇതു തന്നെ പ്രാര്‍ഥിച്ചു. എന്നാല്‍, ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ 10 വര്‍ഷമായി സൂക്ഷിച്ചിട്ടുള്ള മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് ഈ അമ്മയും മകളും ഇതുവരെ മോചിതരായിട്ടില്ല. മകളെയോര്‍ത്തു മാറാരോഗിയായി മാറിയ ജോര്‍ജിനോട് ഫാന്‍സി വിവരം പറഞ്ഞത് നെഞ്ചുപൊട്ടിയാണ്.
വിവാഹിതയായി ഭര്‍ത്താവിന്റെ അരികിലെത്തി മൂന്നാം നാള്‍ ദുബായില്‍ കാണാതായ മൂത്ത മകള്‍ സ്മിതയുടെ (25) മൃതദേഹത്തിന്റെ ദുബായ് പൊലീസ് എടുത്ത ചിത്രം കണ്ടാണ് മാതാവ് ഫാന്‍സിയും സഹോദരി സജിനിയും തിരിച്ചറിഞ്ഞത്.
മൃതദേഹം തിരിച്ചറിയാന്‍വേണ്ടി നാട്ടില്‍ നിന്ന് മാതാപിതാക്കളുടെയും സഹോദരിയുടെയും രക്തസാംപിളുകളെടുത്ത് ദുബായ് പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ വ്യക്തതയുണ്ടാകാത്തതിനാല്‍ ഇരുവരെയും ഇങ്ങോട്ട് വിളിപ്പിക്കുകയായിരുന്നു. വീണ്ടും ഫാന്‍സിയുടെയും സജിനിയുടെയും രക്തസാംപിളുകളെടുത്തു. ഇതിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഉടന്‍ പുറത്തുവരും. ഇതിനു ശേഷം മാത്രമേ മൃതദേഹം സ്മിതയുടേതാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിക്കൂ.
തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് പൊലീസ് കൈമാറും. സ്മിതയെ കാണാതായ ശേഷം ജോര്‍ജും ഫാന്‍സിയും സജിനിയും ശരിക്ക് ഉറങ്ങിയിട്ടില്ല. എങ്കിലും, യുഎഇയില്‍ എവിടെയോ മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലായിരുന്നു ബന്ധുക്കളെല്ലാം. വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വരുന്ന ഓരോ വിളിയും സ്മിതയുടേതാണെന്ന് കരുതി ഓടിച്ചെന്ന് എടുക്കുമായിരുന്നു. മകള്‍ക്ക് കാണാതെ അറിയാവുന്ന നമ്പരായതിനാല്‍ അത് ഒഴിവാക്കാതെ വച്ചു. എന്നാലിപ്പോള്‍, സ്മിത ജീവിച്ചിരിപ്പില്ല എന്ന് ഏറെക്കുറെ ഉറപ്പായതോടെ കുടുംബം ഫോണ്‍ ഒഴിവാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha