തന്ത്രപൂർവ്വം യുവാവിനെ വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, സൗദിയെ നടുക്കിയ അരുംകൊലയിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി...!

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ വിധിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. അതിപ്പോൾ പ്രവാസിയെന്നില്ല, സ്വദേശിയെന്നില്ല ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ തന്നെ നടപടിയുണ്ടാകും. അത്തരത്തിൽ തന്ത്രപൂർവ്വമായി യുവാവിനെ വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ചിരിക്കുകയാണ് ജിദ്ദ അപ്പീല്‍ കോടതി.
വിചാരണ പൂര്‍ത്തിയാക്കിയ ജിദ്ദ ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജിദ്ദ അപ്പീല്‍ കോടതി വധശിക്ഷ ശരിവെച്ചത്. അതേസമയം വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചതില്‍ സംതൃപ്‍തിയുണ്ടെന്ന് മരിച്ച ബന്ദര്‍ അല്‍ ഖര്‍ഹദിയുടെ പിതാവ് ത്വാഹ അല്‍ അര്‍ഖര്‍ദി പറഞ്ഞു.
ഒന്നര മാസം മുമ്പാണ് സൗദിയില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഈ കൊലപാതകം നടന്നത്. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മറ്റൊരു യുവാവ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സൗദി എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറിനകത്ത് അടച്ചിട്ട് പെട്രോള്‍ ഒഴിച്ച ശേഷം വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് കാറിനുള്ളില്‍ വെന്തുമരിക്കുകയായിരുന്നു.
മരണവെപ്രാളത്തില്‍ പിടയുന്നതിനിടെ താന്‍ എന്ത് തെറ്റാണ് ചെയ്‍തതെന്ന് വിളിച്ച് ചോദിച്ച് ബന്ദര്‍ അല്‍ഖര്‍ഹദി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. യുവാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് അപ്പീലില്‍ പ്രതി വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി. എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha























