ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു, യുഎഇയിലെ താപനില ഉയർന്ന വേനൽക്കാലത്തിന് ഇതോടെ വിട, ഗള്‍ഫ് മേഖലയാകെ മഴയ്ക്കായുള്ള കാത്തിരിപ്പിൽ...!!

യുഎഇയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സുഹൈൽ എത്തി. കൊടും വേനലില്‍ ചുട്ട് പൊള്ളുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. കിഴക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്. യുഎഇയിൽ മുൻപെങ്ങുമില്ലാത്ത വിധം താപനില ഉയർന്ന വേനൽക്കാലമാണ് ഇതോടെ പടിയിറങ്ങുന്നത്.
സുഹൈല്‍ എത്തിയാലും പെട്ടന്ന് ചൂട് കുറയില്ല. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റം ഉണ്ടാവുക. 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യ കാലം ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും. സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വൈകാതെ തന്നെ മഴ എത്തുമെന്നാണ് ഇതിലൂടെ കരുതുക. ഗള്‍ഫ് മേഖലയാകെ മഴയ്ക്കായി കാത്തിരിക്കുകയാണ്.
അതുകൊണ്ട് തന്നെ സുഹൈല്‍ നക്ഷത്രം എത്തുന്നത് വലിയ ആവേശം കൂടിയാണ്. വരും ദിവസങ്ങളില്‍ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം പതിമൂന്ന് മണിക്കൂറില്‍ താഴെയായി കുറയുമെന്ന് യുഎഇ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും.
രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കിൽ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ.ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഇത്. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന നക്ഷത്രമാണ് ഇത്. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്. പുരാതന കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കിയിരുന്നത്.
അറബ് രാജ്യങ്ങളിൽ മൽസ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്. സുഹൈല്‍ നക്ഷത്രത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. അല്‍ തരഫയിലാണ് തുടക്കം. അല്‍ ജബ, അല്‍ സെബ്ര, അല്‍ സരഫ എന്നിങ്ങനെയാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ തരഫ ഘട്ടത്തില്‍ കാലാവസ്ഥ അത്യന്തം ചൂടേറിയതായിരിക്കും.
എന്നാല്‍ അല്‍ സര്‍ഫ ഘട്ടം വരുന്നതോടെ വലിയ മാറ്റം ചൂടില്‍ വരും. പതിയെ ചൂട് കുറയാന്‍ തുടങ്ങും. പിന്നീട് മഴയുടെ കാലമായിരിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. അതേസമയം കുവൈത്തില്‍ ഈ മാസത്തോടെ വേനല്‍ ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
https://www.facebook.com/Malayalivartha