സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താപനില വീണ്ടും ഉയർന്നു, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ

സൗദിയിൽ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനിടെ കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താപനില വീണ്ടും ഉയർന്നു. ഇവിടങ്ങളിൽ അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച രാജ്യത്ത് പരക്കെ അനുഭവപ്പെട്ട വേനല്‍ മഴയ്ക്ക് ശേഷം ചൂടിന് അല്‍പം ശമനം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ചൂട് വീണ്ടും ശക്തമായത്. കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഹഫര്‍ബാത്തിന്‍, അല്‍ഹസ്സ, നാരിയ ഭാഗങ്ങളില്‍ ഇന്ന് താപനില അന്‍പത് ഡിഗ്രി വരെയെത്തി. ദമ്മാമില്‍ 49ഉം, റിയാദ് മദീന എന്നിവിടങ്ങളില്‍ 46ഡിഗ്രി വരെയും പകല്‍ താലനില ഉയര്‍ന്നു.
കഴിഞ്ഞ ദിവസം മഴ പെയ്ത മക്കയില്‍ 43ഉം. ജിദ്ദയില്‍ 39ഉം ഡിഗ്രിയിലേക്ക് ചൂട് വര്‍ധിച്ചു. കടുത്ത ചൂട് അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളായ അസീര്‍, അല്‍ബാഹ, ജിസാന്‍, നജ്‌റാന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
അതിശക്തമായ കാറ്റും മഴയും മിന്നലുമാണ് കഴിഞ്ഞ ദിവസം മക്കയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത്. ചില സ്ഥലങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ പൊടിക്കാറ്റൂം ഉണ്ടായി. ഉച്ചയോടെയാണ് മഴ പെയ്ത് തുടങ്ങിയത്. വൈകുന്നേരത്തോടെ മഴയും കാറ്റും മിന്നലും ശക്തിപ്രാപിച്ചു തുടങ്ങി. ഇതോടെ മക്കയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha