അപകടകരമായ ഓവര്‍ ടേക്കിങ്...! യുഎഇയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു

ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. നിയമം അനുസരിച്ചില്ലെങ്കിൽ പ്രവാസികൾപിഴയടച്ച് ഒരുവഴിക്കാകുമെന്ന കാര്യം പ്രവാസികൾക്ക് പറയാതെ അറിയാവുന്ന കാര്യമാണ്. ഇപ്പോൾ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു നടപടി ദുബായ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്.
മറ്റൊരു വാഹനത്തെ അപകടകരമായി ഓവര്‍ ടേക് ചെയ്ത വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ് ദുബായ് പൊലീസ്. തിരക്കേറിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ച വീഡിയോയും പൊലീസ് പുറത്തുവിട്ടു.
വലതു വശത്ത് നിന്ന് ഓവര്‍ ടേക് ചെയ്തപ്പോള്‍ ഡ്രൈവര്‍ മറ്റൊരു വാഹനത്തിന് സമീപം അപകടകരമായി ഓടിക്കുകയായിരുന്നു. ആ വാഹനം മുന്നിലെത്തിയപ്പോള്‍, പിന്തുടര്‍ന്ന് ഒന്നിലധികം തവണ ബ്രേക്കിട്ടു. വലിയൊരു അപകടത്തില്‍ കലാശിച്ചേക്കാവുന്ന വേറൊരു അപകടകരമായ നടപടിയായിരുന്നു ഇത്.
എന്നാല്‍, ഇതു കണ്ടയുടന്‍ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രതികരിച്ചില്ലെന്നും അശ്രദ്ധമായ ഡ്രൈവറുടെ പ്രവൃത്തികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നടപടിയെടുക്കുകയായിരുന്നുവെന്നും ദുബായ് പൊലീസിലെ ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഈ പറഞ്ഞു.
”പൊതു നിലവാരവും റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളും ലംഘിക്കുന്ന” പെരുമാറ്റത്തെ അപലപിച്ച അദ്ദേഹം, വാഹനം പിടിച്ചെടുത്ത് ലൈസന്‍സില്‍ 23 ബ്‌ളാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha