കുട്ടികളെ സ്‌കൂളിലയക്കാനും തിരിച്ചുകൊണ്ടുവരാനും രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്, ബാക്ക്-ടു-സ്കൂൾ പോളിസിയുമായി യുഎഇ

മധ്യവേനല്‍ അവധിക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാനുളള അവസാന ഘട്ട ഒരുക്കത്തിലാണ് യുഎഇയിലെ സ്‌കൂളുകള്‍. ഈ മാസം 28ന് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കും. അതിനിടെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറൽ ഗവൺമെന്റ് ജീവനക്കാരായ രക്ഷിതാക്കൾക്ക് ആശ്വാസമായി പുതിയ സമയക്രമം പ്രഖ്യാപിച്ച് യുഎഇ.
കുട്ടികൾക്ക് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച പുതിയ സമയക്രമം അനുസരിച്ച് ഫെഡറൽ ഗവൺമെന്റ് ജീവനക്കാരായ മാതാപിതാക്കൾക്ക് പുതിയ അധ്യായന വർഷത്തിന്റെ ആദ്യ ദിവസവും നഴ്സറികളിലും കിന്റർഗാർട്ടനുകളിലും കുട്ടികളുള്ളവർക്ക് ആദ്യ ആഴ്ചയിലും ജോലി സമയം മാറ്റി നൽകിയിട്ടുണ്ട്.
ഫെഡറൽ ഗവൺമെന്റിന്റെ ഹ്യൂമൻ റിസോഴ്‌സ് നിയമത്തിന് അനുസൃതമായി സ്ഥാപനം നൽകുന്ന ജോലി പ്രക്രിയകളോ സേവനങ്ങളോ തടസ്സപ്പെടുത്താതെയാണ് പ്രത്യേക സമയം സജ്ജീകരിച്ചത്. ബാക്ക്-ടു-സ്‌കൂൾ എന്ന് പേരിട്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വ്യാഴാഴ്ച പ്രത്യേക സർക്കുലർ പുറത്തിറക്കി.
സർക്കുലറിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ജോലി സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുകയും ചെയ്യുകയാണ് ബാക്ക്-ടു-സ്‌കൂൾ പോളിസിയുടെ ലക്ഷ്യം.
ബാക്ക്-ടു-സ്കൂൾ നയത്തിലെ വ്യവസ്ഥകൾ നോക്കാം...ആദ്യ സ്കൂൾ ദിനം (പ്രാഥമിക തലത്തിലും അതിനു മുകളിലും):
ആദ്യ സ്കൂൾ ദിനത്തിൽ ജോലിക്ക് ഹാജരാകുന്നതിനും നേരത്തെ ഇറങ്ങുന്നതിനും ജീവനക്കാർക്ക് ഫ്ലെക്സിബിലിറ്റി അനുവദിച്ചിട്ടുണ്ട്. അതിനാൽ അവർക്ക് അവരുടെ കുട്ടികളെ അനുഗമിക്കാം. ആദ്യ സ്കൂൾ ദിനത്തിൽ ഫ്ലെക്സിബിലിറ്റി ദൈർഘ്യം മൊത്തം 3 മണിക്കൂറിൽ കൂടരുത്.
നഴ്സറിയിലും കിന്റർഗാർട്ടനിലും കുട്ടികളുള്ളവർക്ക് ആദ്യ ആഴ്ച:
കുട്ടികളെ നഴ്‌സറിയിലോ വീട്ടിലോ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ ജീവനക്കാർക്ക് ഫ്ലെക്സിബിലിറ്റി അനുവദിച്ചിട്ടുണ്ട്. കുട്ടികളെ പരിചരിക്കുന്നതിനായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ദൈർഘ്യം പ്രതിദിനം 3 മണിക്കൂറിൽ കൂടരുത്.
അതുപോലെ കുട്ടികളുടെ സ്കൂളുകളിൽ രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകളിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ സമയം അനുവദിക്കും. കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളിലും അവസരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാനും സമയം അനുവദിക്കും.
രണ്ട് മാസത്തെ അവധിക്ക് ശേഷം കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ആഘോഷ പൂര്‍വം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യാലയങ്ങള്‍. ആദ്യമായി അക്ഷര മുറ്റത്ത് എത്തുന്നവര്‍ക്കായി പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ മാറിയിട്ടുണ്ട്. ഉയര്‍ന്ന ഫീസ് കാരണം കുട്ടികള്‍ക്ക് ആഗ്രഹിച്ച സ്‌കൂളില്‍ അഡ്മിഷന്‍ ഉറപ്പാക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയും ചിലര്‍ പങ്കുവച്ചു.
പുതിയ അധ്യയന വര്‍ഷത്തിലെ അക്കാദമിക് കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. 185 ദിവസമായിരിക്കും ഈ വര്‍ഷം പഠനമുണ്ടാവുക. അവധിക്കാലത്തില്‍ ചെറിയ മാറ്റം വരുത്താന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തി ദിനങ്ങള്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിക്കുന്ന രീതിയില്‍ തന്നെ പിന്‍തുടരണം.
https://www.facebook.com/Malayalivartha