വർഷങ്ങൾക്ക് ശേഷം ആ മാറ്റം, ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്, അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍, വിസ കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമായി കുറയാനും സാധ്യത

കുവൈത്തിൽ വർഷങ്ങളായി ഫാമിലി വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ നിർത്തിവച്ചിരുന്ന ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ വർഷാവസാനത്തോടെ പുനരാരാംഭിക്കുമെന്നാണ് സൂചന. പുതിയ വ്യവസ്ഥകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള തീരുമാനം ഈ വർഷം ഡിസംബറോടെ പുറപ്പെടുവിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വിസാ നിയമാവലി ഉടൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന് സമർപ്പിക്കുമെന്നാണ് സൂചന. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കുവാന്‍ നിലവില്‍ 450 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ദർശക വിസ നൽകുന്നതിനുള്ള ഫീസ് മുൻകാലങ്ങളിൽ അപേക്ഷിച്ചതിൽ നിന്ന് 100 ശതമാനം വർധിച്ചേക്കും.
അതുപോലെ ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് മാത്രമാകും കുടുംബ വിസ ലഭിക്കുക. സഹോദരങ്ങൾ ഉൾപ്പെടെ മറ്റാർക്കും ഫാമിലി വിസ അനുവദിക്കില്ല. സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതും പുതിയ തീരുമാനത്തിൽ ഉൾപ്പെടുന്നു. ഫാമിലി വിസ ഇൻഷുറൻസ് വർധിപ്പിക്കുന്നതിനാൽ വിസ ചെലവ് കുത്തനെ കൂടും. വിസ കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമായി കുറയാനും സാധ്യതയുണ്ട്.
സന്ദർശന കാലയളവ് അവസാനിച്ച ഉടൻ തന്നെ സന്ദർശകൻ രാജ്യം വിടുമെന്ന് അപേക്ഷകൻ സത്യവാങ് മൂലം സമർപ്പിക്കണം. കാലാവധി കഴിഞ്ഞിട്ടും സന്ദർശകൻ തിരിച്ചു പോയില്ലെങ്കിൽ അപേക്ഷ സമർപ്പിച്ചയാൾ നിയമപരവും സാമ്പത്തികപരവും ഭരണപരവുമായ ഉത്തരവാദിത്തങ്ങൾക്ക് ബാധ്യസ്ഥൻ ആയിരിക്കികയും ചെയ്യും.
മാത്രവുമല്ല അപേക്ഷകന് സന്ദർശക വിസ നൽകുന്നതിൽ ആജീവാനന്തകാല വിലക്ക് ഏർപ്പെടുത്തുന്നതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദർശന വിസ അനുവദിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞതായും അന്തിമ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കുവൈത്തിൽ വിദേശികൾ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. വിദേശികൾ പെരുകിയതോടെ ചെറിയ തെറ്റുകൾ ചെയ്യുന്നവരെ ഉൾപ്പെടെ കൂട്ടമായി നാടുകടത്തിവരികയാണ് രാജ്യം.
നേരത്തെ എളുപ്പത്തിൽ ലഭിച്ചിരുന്ന കുവൈത്ത് ഫാമിലി വിസ കോവിഡ് കാലത്താണ് നിർത്തിവെച്ചത്.പിന്നീട് 2022 മാർച്ച് മുതൽ പുനരാരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു.പുതിയ വ്യവസ്ഥകൾ വരുന്നതോടെ ഒരു വിഭാഗത്തിന് മാത്രമായി നൽകുന്ന വിസ എല്ലാവർക്കും ലഭിക്കുമെന്നാണ് സൂചന.
അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള വിസകളും, കായിക,സാംസ്കാരിക,സാമൂഹിക രംഗത്തുള്ളവര്‍ക്കും നിബന്ധനകൾക്ക് വിധേയമായി വിസകള്‍അനുവദിച്ചിരുന്നു.നിരവധി പ്രവാസികളാണ് കുടുംബങ്ങളെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്നത്.അതിനിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
https://www.facebook.com/Malayalivartha