സ്‌കൂള്‍ വിദ്യഭ്യാസം നല്‍കേണ്ടത് രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്തം, സൗദിയില്‍ വിദ്യാര്‍ത്ഥി 20 ദിവസം സ്‌കൂളില്‍ വന്നില്ലെങ്കില്‍ രക്ഷിതാവിന് ജയില്‍ ശിക്ഷ

ഒരു വിട്ടുവീഴ്ച്ചയും കൂടാതെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. അടിക്കടി പുതിയ നിയമങ്ങൾ കൊണ്ടുവരികയും ഉള്ളത് കർശനമായി തുടരുകയും ചെയ്യുന്നു. സൗദിയിൽ കുടുംബമായി താമസിക്കുന്ന പ്രവാസികളുണ്ടെങ്കിൽ അവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അതായത് സൗദി അറേബ്യയില്‍ തക്കതായ കാരണമില്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥി 20 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ രക്ഷിതാവിനെ ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
രാജ്യത്തെ ശിശു സംരക്ഷണ നിയമപ്രകാരം വിചാരണ നടത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്ന് സൗദി ദിനപത്രം മക്ക റിപ്പോര്‍ട്ട് ചെയ്തു. പുതിയ അധ്യായന വര്‍ഷത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂള്‍ വിദ്യഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ക്കാണെന്ന് ശിശു സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിക്കുക. അന്വേഷണം പൂര്‍ത്തിയാക്കി പ്രോസിക്യൂട്ടര്‍മാര്‍ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യും. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ അയക്കുന്നതില്‍ അശ്രദ്ധ കാണിച്ചതായി കണ്ടെത്തിയാല്‍ രക്ഷിതാവിനെതിരെ ജയില്‍ ശിക്ഷ വിധിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്.
തക്കതായ കാണമില്ലാതെ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് വിട്ടുനിന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലെ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഉദ്യോഗസ്ഥര്‍ പരാതി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. സ്‌കൂളില്‍ ഹാജരാകാത്തതിന്റെ കാരണം കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രാലയത്തിലെ കുടുംബസുരക്ഷാ സമിതി വിഭാഗം വിദ്യാര്‍ത്ഥിയെ നേരില്‍കണ്ട് സംസാരിക്കും.
രക്ഷിതാവിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമിതി കണ്ടെത്തിയാല്‍ രക്ഷിതാവിനെതിരേ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് റഫര്‍ ചെയ്യും. തുടര്‍ന്ന് വിചാരണ നടത്താന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് നടപടിക്രമം.
തക്കതായ കാരണമില്ലാതെ 15 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ ടിസി നല്‍കുന്ന ശിക്ഷാരീതി ഈ വര്‍ഷം രാജ്യത്ത് നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജനില കുറയുന്നത് തടയാനാണിത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രവിശ്യ വിദ്യാഭ്യാസ മന്ത്രാലയ കാര്യാലയങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച സര്‍ക്കുലര്‍ അയച്ചിരുന്നു. സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല.
https://www.facebook.com/Malayalivartha