8 അധിക സർവീസ് കൂടി പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്, അബുദാബി-കൊച്ചി സെക്ടറിലെ അധിക സർവീസ് നവംബർ മുതൽ

യുഎഇ- കേരള സെക്ടറുകളിൽ നിരവധി യാത്രക്കാർ ഉള്ളതിനാൽ ഈ റൂകളിലെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് വിമാനക്കമ്പനികൾ. ഇപ്പോഴുള്ള സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ കൂടി നടത്താൻ ഒരുങ്ങുന്നത്. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സും കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേക്ക് പുതിതായി സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചത് പ്രവാസികൾക്ക് വളരെ ആശ്വാസമായിരുന്നു.
ഇതിന് പിന്നാലെ ഇപ്പോൾ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. അബുദാബി-കൊച്ചി സെക്ടറിൽ 8 അധിക സർവീസ് കൂടി വരുന്നതോടെ നവംബർ മുതൽ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് 7 അധിക സർവീസ് കൂടി വരുന്നതോടെ ആഴ്ചയിൽ 21 സർവീസുണ്ടാകും.
കോവിഡ് കാലത്ത് നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് ബജറ്റ് എയർലൈനായ എയർ അറേബ്യ സർവീസ് തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സർവീസ് നടത്തുന്നതോടെ ഈ സെക്ടറിൽ നിരക്കു കുറയുമെന്നാണു പ്രതീക്ഷ. വിമാനക്കമ്പനിയുടെ ഈ പുതിയ തീരുമാനത്തെ പ്രവാസികളും സ്വാഗതം ചെയ്തു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കും.
തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 2.20നും കോഴിക്കോട് സർവീസ് ഉച്ചയ്ക്ക് 1.40നുമാണ് പുറപ്പെടുക. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനംനല്‍കിക്കൊണ്ട് അടുത്തവര്‍ഷം ജനുവരിയില്‍ അബുദാബിയില്‍ നിന്നും ദിവസവും തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന ഇത്തിഹാദിന്റെ പ്രഖ്യാപനത്തെ പ്രവാസികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചെന്നൈ അടക്കം ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളിലേക്കും ഇത്തിഹാദ് പുതുതായി സര്‍വീസ് നടത്തുന്നത് പൊതുവെ സ്വാഗതാര്‍ഹമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികള്‍ പങ്കുവെയ്ക്കുന്നു.
അതുപോലെ അധികം വൈകാതെ തന്നെ യുഎഇയിലെ പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരവും അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഇന്ത്യൻ വിമാന കമ്പനികളുമായി എയർപോർട്ട് അതോറിറ്റി ചർച്ചകൾ നടത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്.
മിക്ക വിമാനകമ്പനികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി. നിലവിൽ ഒമാന്റെ സലാം എയർ മാത്രമാണ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha