ഇത്തരക്കാർ ചികിത്സ തേടണം...!! ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം ഒന്നിലധികം പേരിൽ സ്ഥിരീകരിച്ചു, ഗുരുതര അണുബാധ പിടിപെടാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കണം, നിർദ്ദേശം നൽകി പൊതുജനാരോഗ്യ മന്ത്രാലയം

കൊവിഡ് വരുത്തിവെച്ച തീരാനഷ്ടങ്ങളിൽ നിന്ന് പ്രവാസികൾ ഒരു വിധം കരകയറിവരികയാണ്. അതിനിടയിൽ വീണ്ടും പ്രവാസികളെ ആശങ്കയിലാക്കി ഗൾഫ് രാജ്യത്ത് കോവിഡിന്റെ പുതിയ ഉപ വകഭേദം സ്ഥിരീകരിച്ചിരിക്കുകയാണ്. ഒന്നിൽ കൂടുതൽ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ സാഹചര്യങ്ങൾ സൂക്ഷ്മ നിരീക്ഷിക്കുകയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡിന്റെ പുതിയ വകഭേദമായ 'ഇജി.5 ' ആണ് ഖത്തറിൽ സ്ഥിരീകരീകരിച്ചത്. പനി, വിറയൽ, ദേഹവേദന, നെഞ്ചുവേദന, ചുമ തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ.മുമ്പത്തെ വൈറസിൽ നിന്ന് വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഈ വകഭേദം ഗുരുതരമാകാം.
സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതർ വെളിപ്പെടുത്തി. രജിസ്റ്റർ ചെയ്ത കേസുകൾ ഗുരുതരമല്ലെന്നു ഈ ഘട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വിശദമാക്കി.പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചില നിർദ്ദേശങ്ങളൊക്കെ അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഗുരുതര അണുബാധ പിടിപെടാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുകയും വേണം. കോവിഡ് ലക്ഷണങ്ങളുള്ളവർ ഉടൻ പരിശോധനയ്ക്ക് വിധേയമായി ചികിത്സ തേടണം. 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരിലാണ് രോഗം പിടിപെടാൻ സാധ്യത കൂടുതലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കൊവിഡ് -19 ലക്ഷണങ്ങളുള്ള ആളുകൾ അണുബാധ പരിശോധനയ്ക്ക് വിധേയരാകാനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ചികിത്സ തേടാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പനി 38 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ ആവുക, വിറയൽ, ക്ഷീണവും ശരീരവേദനയും, നെഞ്ചുവേദനയോടൊപ്പമുള്ള ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യപരിശോധനയും സാധ്യമായ ചികിത്സാ പ്രോട്ടോക്കോളും തേടാൻ മന്ത്രാലയം നിർദ്ദേശിച്ചു.
ഈ മാസം ആദ്യം ലോകാരോഗ്യസംഘടന ഇജി.5 എന്ന് വിളിക്കുന്ന കൊവിഡ് 19ന്റെ പുതിയ ഉപ വകഭേദം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ ഗൾഫ് മേഖല ഉൾപ്പെടെ 50ലേറെ രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. EG.5 വകഭേദത്തിന് പുറമേ, മറ്റൊരു വകഭേദം, BA.2.86, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഇംഗ്ലണ്ട്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha