റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം, കുവൈത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം ഇരവിനല്ലൂർ സ്വദേശിനി ഏഴുമാവിൽത്തുണ്ടിയിൽ വലംപറമ്പിത്താഴെ സുശീലയാണ് (52) മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ അർദിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായിരുന്നു. മക്കൾ: രഘുനാഥ്, രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പ്രവാസി യുവാവ് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് വാഹനമിടിച്ച് യു.പി. സ്വദേശിയായ മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുന്നു.
അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha