ഒരുമിച്ച് ജോലി ചെയ്തിരുന്നവർ...ഉറ്റ സുഹൃത്തുക്കൾ, പ്രവാസികളുടെ ഓണാഘോഷം കഴിഞ്ഞുള്ള മടക്കം മരണത്തിലേക്ക്, നടുക്കം വിട്ടുമാറാതെ സഹപ്രവർത്തകർ...!!

ബഹ്‌റൈനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചതിൽ നടുക്കം മാറാതെ പ്രവാസലോകം. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമാണ് അപകടത്തിൽ മരിച്ചത്. ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരും തെലങ്കാന സ്വദേശി സുമൻ രാജണ്ണയുമാണ് മരിച്ചത്.
ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്ത് പുഞ്ചിരിച്ചു നിന്ന് സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നാലു പേരും ഇനിയില്ലെയെന്ന് ഓർക്കുമ്പോൾ സഹപ്രവർത്തകർ വിതുമ്പുകയാണ്. താമസ സ്‌ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. അത് അവരുടെ അവസാന യാത്രയായിരിക്കുമെന്ന് ആരും കരുതിയതല്ല. അകാലത്തിൽ പിരിഞ്ഞ എല്ലാവരും സുഹൃത്തുക്കൾ മാത്രമല്ല ബഹ്റൈനിലെ ഒരേ തൊഴിലിടത്തിൽ സ്നേഹത്തോടെ കഴിഞ്ഞവർ കൂടിയായിരുന്നു.
വിട പറഞ്ഞ എല്ലാവരും മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. മരിച്ച മഹേഷും ഭാര്യയും മകളോടൊപ്പമാണ് ആഘോഷത്തിനെത്തിയത്. ഓണക്കളികളിലും സദ്യയിലും പൂക്കളമൊരുക്കാനും ആവേശത്തോടെ പങ്കെടുത്ത അഞ്ചു പേരും ഇനിയില്ലെന്ന സത്യം സഹപ്രവർത്തകർക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടായത്.
സൽമാബാദ് ൽ നിന്ന് മുഹറഖിലേയ്ക്ക് പോകുകയായിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്. കാർവെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മഹേഷ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, സൗദിയിൽ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പ്രവാസി യുവാവ് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് യു.പി സ്വദേശി മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുന്നു.
അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha