സൗദിയിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ കർശന പരിശോധന, ഒരാഴ്ചക്കിടെ പരിശോധനയിൽ 15,351 താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം, നിയമനടപടികള്‍ പൂര്‍ത്തി ഇവരെ നാടുകടത്തും

സൗദിയിൽ വിവിധ നിയമലംഘനങ്ങളിൽ ഏർപ്പെട്ട പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമായി തുടരുകയാണ്. ഒരോ ആഴ്ച്ചയും പരിശോധനയിൽ പിടിയിലായവരുടെ കണക്കുകളും പിടിയിലായ പ്രവാസികളുടെ തുടർ നടപടികളെ കുറിച്ചുമുള്ള വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിടാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയാൽ 15,351 താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇത്രയും പേർ പിടിയിലായത്. 9124 ഇഖാമ നിയമ ലംഘകരും 4284 അതിര്‍ത്തി സുരക്ഷാചട്ട ലംഘകരും 1943 തൊഴില്‍ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 579 പേരും ഇതിലുള്‍പ്പെടും.
പിടിയിലായവരിൽ 54 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 14 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായ 41,048 നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 33,968 പേര്‍ പുരുഷന്‍മാരും 7080 പേര്‍ വനിതകളുമാണ്.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. അതുപോലെ സൗദിയിൽ വാഹനങ്ങളുമായി റോഡിൽ ഇറങ്ങി നിയമലംഘനം നടത്തിയാൽ മാത്രമല്ല പിടിവീഴുന്നത്. ഇനി മുതല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെ പുറത്തിറങ്ങിയാലും ക്യാമറകള്‍ പണിതരും. അതായത് വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും.
സാധുതയുള്ള വാഹന ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കുറഞ്ഞത് 100 റിയാലും പരമാവധി 150 റിയാലും പിഴ ചുമത്തും. അടുത്തിടെ പരിഷ്‌കരിച്ച ട്രാഫിക് നിയമഭേദഗതി പ്രകാരമാണിത്. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി അറിയിച്ചു. ഒക്ടോബർ ഒന്നു മുതൽ രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ് ഉണ്ടോയെന്ന് ട്രാഫിക് കാമറകൾ വഴി നേരിട്ട് നിരീക്ഷിക്കും. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്.
https://www.facebook.com/Malayalivartha