വെളളപ്പൊക്കത്തിന് കാരണമായേക്കാം...! സൗദിയുടെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത, ഈ മേഖലകളിൽ മുന്നറിയിപ്പ്

സൗദിയുടെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സൗദി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മക്ക, അസീർ, ജസാൻ, അൽ-ബഹ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത . വെളളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റിനും ഈ മേഖലകളിലുണ്ടാകാനാണ് സാധ്യത.
മാത്രമല്ല മക്ക മേഖലയിൽ തായിഫ്, അൽ ജുമും, ബഹ്‌റ, അൽ ഖുൻഫുദ, അൽ-ലിത്, അൽ-കാമിൽ, ഖുലൈസ്, മെയ്‌സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദി അദ്-ദവാസിർ, അസ് സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്‌ലാജ്, അൽ മുവായ്, അൽ ഖുർമ, റാനിയ എന്നിവയുൾപ്പെടെയുളള റിയാദ് മേഖലയിൽ കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
തുർബ, മദീന, നജ്‌റാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം, തോടുകൾ, ചതുപ്പുകൾ, വെള്ളം കയറുന്ന മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു.
അതേസമയം യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലം ആരംഭിച്ചതിന് പിന്നാലെ യുഎഇയില്‍ താപനില മൂന്ന് തവണ 50 ഡിഗ്രിക്ക് സെല്‍ഷ്യസിന് മുകളില്‍ എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ താപ നില ക്രമാതീതമായി കുറയുന്നുവെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. ഇനിയുളള ആഴ്ചകളില്‍ താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha